കണ്ണൂർ : പകർച്ചവ്യാധികൾക്കെതിരെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സമഗ്ര ആരോഗ്യജാഗ്രത പദ്ധതി 23.12.2024 നു നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ആരോഗ്യ വകുപ്പിന് വേണ്ടി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ അവതരിപ്പിച്ചു. മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി ചെറുക്കുന്നതിനാണ് വിവിധ പഞ്ചായത്ത് – മുൻസിപ്പാലിറ്റികളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ആരോഗ്യജാഗ്രത പദ്ധതി ജില്ലയിൽ നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ വാട്ടർ സാമ്പിൾ കലക്ഷൻ, അതിന്റെ ട്രാൻസ്പോർട്ട്, അംഗീകൃത ഗവ ലാബുകളിലെ ജല പരിശോധന, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യൽ, ഡെങ്കിപ്പനി മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾക്ക് എതിരെയുള്ള ഉറവിടനശീകരണം, ഫോഗിംഗ് എന്നിവ ഉൾപ്പെടുത്തും.
ഇതിന്റെ ഭാഗമായിത്തന്നെ വാർഡ് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ ലഘുലേഖ വിതരണം എന്നിവയും പൊതുജനങ്ങളുടെ ആരോഗ്യ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള മറ്റു പരിപാടികളും ഈ പ്രോജക്ട് ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കും. കണ്ണൂർ ജില്ലയിൽ ഈ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം അഭ്യർത്ഥിച്ചതായും യോഗത്തിൽ പങ്കെടുത്ത മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും ഇതിനുള്ള സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു
health vigilance program against infectious diseases