തളിപ്പറമ്പ്: തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയിൽ കേസുകളുടെ വിചാരണ തുടങ്ങി. എട്ട് മാസം മുമ്പ് അനുവദിച്ച കോടതിക്ക് കെട്ടിടവും അടിസ്ഥാന സൗകര്യവും ഉണ്ടായിരുന്നിട്ടും പ്രൊസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടർന്ന് ക്രിമിനൽ കേസുകളുടെ വിചാരണ ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.
ഇതിന് പരിഹാരമായി പോക്സോ അതിവേഗ കോടതിയിലെ പ്രൊസിക്യൂട്ടർ ഷെറി മോൾ ജോസിന് ആഴ്ച്ചയിൽ മൂന്ന് ദിവസം അഡീ. സെഷൻസ് കോടതിയിൽ താൽക്കാലിക ചുമതല നൽകിയാണ് വിചാരണ തുടങ്ങിയത്.
മാസങ്ങൾക്ക് മുമ്പ് തളിപ്പറമ്പിലേക്ക് ജില്ലാ ജഡ്ജിയായി പ്രശാന്തിനെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു. പ്രൊസിക്യൂട്ടറെ ചുമതലപ്പെടുത്തിയതോടെ തലശേരിയിലെ വിവിധ സെഷൻസ് കോടതികളിൽ 2015 മുതൽ 2024 വരെയുള്ള 23 കേസുകളാണ് ആദ്യഘട്ടത്തിൽ തളിപ്പറമ്പിലേക്ക് മാറ്റിയത്.
ഇതിൽ തളിപ്പറമ്പിലെ പ്രമാദമായ കെ.വി.എം കുഞ്ഞി, അൻവർ വധക്കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ മാസത്തോടെ മാത്രമേ കൊലക്കേസുകളുടെ വിചാരണ ആരംഭിക്കാൻ സാധ്യതയുള്ളു.സ്ഫോടനക്കേസിൻ്റെ വിചാരണയാണ് ആദ്യമായി തുടങ്ങിയത്.സ്ഥിരം പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഇടപെടൽ സജീവമാണ്.
thalipparamb court