കണ്ണപുരം : പ്രത്യേകം സംവരണമില്ലാത്ത എൺപതിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്ന മൂന്ന് ശതമാനം സംവരണം പത്ത് ശതമാനമായി ഉയർത്തണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ( കെ.എം. എസ്. എസ് ) കണ്ണപുരം ശാഖാ സമ്മേളനം ആവശ്യപ്പെട്ടു.
മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകാൻ തിടുക്കം കാണിച്ചപ്പോൾ പതിറ്റാണ്ടുകളായി ഈ വിഭാഗങ്ങളെ പൂർണ്ണമായും സംസ്ഥാന സർക്കാരുകൾ അവഗണിച്ചുവെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് ലിജി ഉത്തമൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കർമ്മ സാരഥി പുരസ്കാര ജേതാവ് രാജേഷ് പാലങ്ങാട്ടിനെയും എം.ബി.ബി.എസ് ഉൾപ്പെടെയുള്ള കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെയും കലാ മേഖലയിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.
സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി.വി. മധുസൂദനൻ, ചന്ദ്രൻ പാലങ്ങാടൻ, വനിതാവേദി സംസ്ഥാന സെക്രട്ടറി ടി.വി. പത്മിനി, ജില്ലാ വൈസ് പ്രസിഡൻ്റ് ജയചന്ദ്രൻ പുല്ലാനി , ജില്ലാ കമ്മിറ്റി അംഗം ടി. പ്രഭാകരൻ, ഗ്രാമ പഞ്ചായത്തംഗം വി.വി. പുഷ്പവല്ലി, ശാഖാ സെക്രട്ടറി വി. ആനന്ദ് കുമാർ, ട്രഷറർ വേണു ആലക്കീൽ, യു. ഗീത, സൗമ്യ രഞ്ജിത്ത്, അനിത വത്സൻ, രജനി ദിനേശൻ, അശ്വതി വിനോദ്, സി.വി. മായ, പി. ശ്രീജ എന്നിവർ പ്രസംഗിച്ചു.
kmss