മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാർത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളില്‍ മാധ്യമങ്ങള്‍ തീർപ്പ് കല്‍പ്പിച്ചാല്‍ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്യത്തിന് നല്‍കുന്ന പരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടത്. മാധ്യമ ഇടപെടലില്‍ സത്പേര് കളങ്കപ്പെടുമെന്ന് തോന്നിയാല്‍ അത്തരം സന്ദർഭങ്ങളില്‍ ആവലാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം അംഗീകരിക്കാതെയാണ് കോടതി ഹർജി തീർപ്പാക്കിയത്.
High Court says that freedom of press is a constitutional right