ചെറുകുന്ന് : കോവിഡിനെ ചെറുക്കാനുള്ള ഡോ. പി.വി. മോഹനന്റെ പരീക്ഷണങ്ങളും പ്രയത്നങ്ങളും മാനവരാശിക്ക് മൃതസഞ്ജീവനിയായെന്ന് കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: ഖാദർ മാങ്ങാട്. അതിനാൽ ഇത്തരം അനന്യമായ സംഭാവനകൾ നൽകിയതിലൂടെ ശാസ്ത്രലോകത്ത് ഡോ. മോഹനൻ എന്നും ചിരഞ്ജീവിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ശാസ്ത്രജ്ഞനെ നാട് അറിയാതെ പോയത് ദുഃഖകരമാണെന്നും അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്താൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖല സമിതി നടത്തിയ ഗവേഷകനും ശാസ്ത്രജ്ഞനുമായിരുന്ന കണ്ണപുരത്തെ ഡോ. പി.വി. മോഹനൻ്റെ അനുസ്മരണ സമ്മേളനം ചെറുകുന്ന് പ്രസന്ന കലാസമിതി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവാഗ്രാം മേഖലാ സമിതി കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കേരള അക്കാഡമി ഓഫ് സയൻസസ് പ്രസിഡൻ്റ് ഡോ. ജി. എം. നായർ അനുസ്മരണ പ്രഭാഷണം നടത്തി. വികാസ് നാരോൺ , ഡോ. പി.രാജീവൻ, ടി.സി.ഗംഗാധരൻ, സേവാഗ്രാം വൈസ് ചെയർമാൻ സതീഷ് കടാങ്കോട്ട്, എ.കെ. കുഞ്ഞിക്കണ്ണൻ, എം.നാരായണൻ, പി.വി. കൃഷ്ണൻ, സേവാഗ്രാം ട്രഷറർ വരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Khadar mangad