---
title: "കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്‌കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ഹെവി വാഹനമോടിക്കാന്‍; കാറും ബൈക്കും പിന്നാലെ"
english_title: "KSRTC The first thing a driving school teaches is to drive a heavy vehicle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192888/ksrtc-the-first-thing-a-driving-school-teaches-is-to-drive-a-heavy-vehicle"
published_at: "2024-03-19T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f970a063ac0_Untitled-2-web.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്‌കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ഹെവി വാഹനമോടിക്കാന്‍; കാറും ബൈക്കും പിന്നാലെ

> **Lead Summary:** പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി. തുറക്കുന്ന ഡ്രൈവിങ് സ്കൂ‌ളുകളിൽ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി 22 ബസുകൾ തയ്യാറാക്കി. ജീവനക്കാരിൽനിന്ന് യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. ബസ് ഉപയോഗിച്ച് ഡ്രൈവിങ് സ്കൂൾ ലൈസൻസ് നേടിയശേഷം മറ്റു വാഹനങ്ങളും ഉൾക്കൊള്ളിക്കാനാണ് പദ്ധതി.

## Article Content

പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി. തുറക്കുന്ന ഡ്രൈവിങ് സ്കൂ‌ളുകളിൽ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി 22 ബസുകൾ തയ്യാറാക്കി. ജീവനക്കാരിൽനിന്ന് യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. ബസ് ഉപയോഗിച്ച് ഡ്രൈവിങ് സ്കൂൾ ലൈസൻസ് നേടിയശേഷം മറ്റു വാഹനങ്ങളും ഉൾക്കൊള്ളിക്കാനാണ് പദ്ധതി.

22 സ്‌കൂളുകളിലേക്കും പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങും. ഇതിനുള്ള നടപടികൾ ആരംഭിച്ചു. അട്ടക്കുളങ്ങര, എടപ്പാൾ, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുക.

മാർച്ച് 30-നുള്ളിൽ ഡ്രൈവിങ്ങ് സ്‌കൂളുകൾ ആരംഭിക്കണമെന്നും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും മോട്ടോർവാഹനവകുപ്പിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ലൈസൻസ് നേടാനും ഡിപ്പോ മേധാവികൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ആവശ്യമായ രേഖകൾ സഹിതം ഉടൻതന്നെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ക്ലാസ് റൂം, പരിശീലനഹാൾ, വാഹനങ്ങൾ, മൈതാനം, ഓഫീസ്, പാർക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കാനും നിർദേശിച്ചിരുന്നു.

അതേസമയം, പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികൾ സെൻട്രൽ, റീജിയണൽ വർക്ക്ഷോപ്പ് മേധാവികൾ ഒരുക്കണം. ടെസ്റ്റിങ് ഗ്രൗണ്ടുകൾ ഒരുക്കാൻ ഡ്രൈവിങ് സ്‌കൂളുകാർ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയെക്കൊണ്ട് ഗതാഗത വകുപ്പ് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നത്. ഏറ്റവും മിതമായ നിരക്കിൽ നിലവാരമുള്ള ഡ്രൈവിങ്ങ് പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ആർ.ടി.സി. അവകാശപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192888/ksrtc-the-first-thing-a-driving-school-teaches-is-to-drive-a-heavy-vehicle)