തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ 'ക്രാഫ്റ്റ് 23' ശില്പശാല സംഘടിപ്പിക്കുന്നു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി പരിചയ മേളയ്ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കി മികച്ച പഠനാന്തരീക്ഷം വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മണ്ഡലത്തിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഒക്ടോബര്‍ നാലിന് കരിമ്പം ഐ ടി കെ ഹാളിലാണ് അധ്യാപകര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. പരിശീലനം നേടിയ അധ്യാപകര്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലനം നല്‍കും.
ഒക്ടോബര്‍ പത്തിനകം മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തി പരിചയമേളയുടെ മാന്വല്‍ പരിചയപ്പെടുത്തല്‍, വിവിധ മത്സരയിനങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം എന്നിവയാണ് വിദ്യാര്‍ഥികള്‍ക്കായുള്ള ശില്പശാലയിലുണ്ടാവുക. ഏതെങ്കിലും ഒരു മേഖലയില്‍ കുട്ടികളുടെ നൈപുണ്യം വളര്‍ത്തിയെടുക്കാനും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് സ്വയം പാകപ്പെടുത്താനുള്ള അവസരം കൂടിയാണ് ക്രാഫ്റ്റ് 23.
വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി അനിത കെ എ എസ് അധ്യക്ഷത വഹിക്കും. എസ് എസ് കെ ഡി പി സി ഇ സി വിനോദ് മുഖ്യാഥിതിയാകും.
Craft 23