Sep 20, 2023 11:18 AM

തളിപ്പറമ്പ്: തളിപ്പറമ്പിൽ മന്ന സർ സയ്യിദ് കോളേജ് റോഡിന്റെ അവസ്ഥ അധികാരികൾ കാണുന്നില്ലേ, വർഷങ്ങളായിട്ട് ഇത് തന്നെയാണ് ആ റോഡിന്റെ സ്ഥിതി. കുണ്ടും കുഴികളും നിറഞ്ഞു അങ്ങേയറ്റം ബുദ്ധിമുട്ടേറിയ റോഡാണ് ഇത്. സാധാരണയായി ജനവാസം കുറഞ്ഞ ഒരു ഏരിയയിലേക്കാണ് ഇങ്ങനെ ഒരു റോഡെങ്കിൽ ആരും കാണാഞ്ഞിട്ടാണെന്ന് കരുതാം. എന്നാൽ കണ്ണൂരിലെ തന്നെ പേരുകേട്ട പല സ്ഥാപനങ്ങളിലും എത്തിചേരണമെങ്കിൽ ഈ വഴി തന്നെ വേണം.

സർ സയ്യിദ് കോളേജ്, സയ്യിദ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ടെക്നിക്കൽ സ്റ്റഡീസ്, സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ, അൽ അൻസാർ സ്കൂൾ,കെയീ സാഹിബ്‌ ട്രെയിനിങ് കോളേജ്, ജെംസ് ഇന്റർനാഷണൽ സ്കൂൾ തുടങ്ങി കണ്ണൂർ ജില്ലയിലെ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടാതെ തളിപ്പറമ്പ് അഗ്നിശമനസേന ഓഫീസും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ തളിപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലേക്ക്‌ പോകാനും പലരും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

ഇത്രയധികം സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ റോഡ് അധികാരികളുടെ കണ്ണിൽ പെടാതിരിക്കാൻ സാധ്യതയില്ല. ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികളും ജീവനക്കാരുമാണ് ഇതുവഴി കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നത്. പലരും ഇതുവഴി നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കാറ്, എന്നാലോ ഓട്ടോയിലുള്ള യാത്ര അതിനേക്കാളും ദുസ്സഹവും. ഓട്ടോറിക്ഷ ജീവനക്കാരും ഈ റോഡിന്റെ അവസ്ഥ കണ്ട് നിസ്സഹായരായിരിക്കുകയാണ്.

കൂടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളും തെരുവ് നായകളും വലിയ ഭീഷണിയുയർത്തുന്നു. കോളേജ് വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും ഇരുചക്ര വാഹനങ്ങളിലാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ഭീഷണി തന്നെയാണ് ഈ റോഡിലെ കുഴികൾ. മറ്റു വിദ്യാർത്ഥികളും ജീവനക്കാരും ഗവൺമെന്റ് ആശുപത്രി സ്റ്റോപ്പിൽ ബസ് ഇറങ്ങി നടക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ പോകുന്നു.

കാൽനടയാത്രികർക്കും എന്നും ഇതിലൂടെ പോകാൻ പേടി തന്നെയാണ്. സ്കൂൾ കോളേജ് സമയത്ത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഒരു തിക്കും തിരക്കുമാണ്. ഇതിനിടയിൽ മഴയുണ്ടെങ്കിൽ ചളിയും വെള്ളവും തെറിച്ചു അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഏറെയാണ്. കൂടാതെ കണ്ണൂർ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കായി പലരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

കേരളത്തിൽ തന്നെ റോഡിലെ കുഴിയിൽ വീണ് ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യം പലയിടത്തും ഉണ്ടായിട്ടുണ്ട്. പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ പ്രവർത്തിക്കുന്ന ഇത്തരം ഒരു റോഡിന്റെ ഈ ദയനീയാവസ്ഥ വളരെ ഗൗരവപരമായി തന്നെ അധികാരികൾ എടുക്കേണ്ടതുണ്ട്. അപകടം സംഭവിച്ചു കഴിഞ്ഞതിനുശേഷം ചിന്തിക്കുന്നതിലും നല്ലതല്ലേ അപകടം വരാതിരിക്കാനുള്ള മുൻകരുതൽ.

potholed condition of Manna Sir Syed College Road

Next TV

Top Stories