കണ്ണൂർ : സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാർ തുടരും. രണ്ടാം തവണയാണ് സി പി സന്തോഷ് കുമാർ ജില്ലാ സെക്രട്ടറിയാകു ന്നത്. കഴിഞ്ഞ തവണ തലശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി സി പി സന്തോഷ് കുമാർ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജില്ലാ അമരക്കാരനായത്. ആദ്യകാല സിപിഐ(എംഎൽ), മെയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന സി പി വിജയന്റെയും കെ പി മാലിനിയുടെയും മകനാണ്. 1976ൽ എഐവൈഎഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറി 1979ൽ സി പി ഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി, വളപട്ടണം എഐടിയുസി ഓഫീസ് സെക്രട്ടറി,എഐവൈഎഫ് കണ്ണൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി അങ്ങനെ സംഘടനാരംഗത്ത് 9 വർഷത്തെ പ്രവർത്തന പരിചയവുമായാണ് സി പി ഐയിൽ സി പി സന്തോഷ് കുമാർ ഉയർന്നുവന്നത്. പാർട്ടി കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവും എട്ടു വർഷം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. നിലവിൽ ജില്ലാ സെക്രട്ടറിയാണ്. 13 വർഷമായി പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. തൊഴിലാളി രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന സന്തോഷ് കുമാർ 9 വർഷം എഐടിയുസിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.എഐടിയുസി സംസ്ഥാന എക്സികൗട്ടീവ് അംഗവും ദേശീയ കൗൺസിൽ അംഗവുമായിരുന്നു.
ഹാൻവീവ് ലേബർ യൂനിയൻ (എഐടിയുസി), സംസ്ഥാന ജനറൽ സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂനിയൻ ജില്ലാ പ്രസിഡന്ററ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സി പി ഐ ജില്ലാ എക്സിക്യുട്ടീവംഗവും കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ കൗൺസിലറുമായ എൻ ഉഷയാണ് ഭാര്യ.സിഷിൻ സന്തോഷ്, സിബിൻ സന്തോഷ്(സോഫ്റ്റ് വെയർ എഞ്ചിനിയർ) എന്നിവർ മക്കളാണ്.
Santhosh kumar