പരിയാരം സ്ക്വാഡിന് ബാഡ്ജ് ഓഫ് ഹോണർ: പ്രമാദമായ പരിയാരം കവർച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങൾക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്. അന്വേഷണ സംഘത്തെ നയിച്ച സിഐ പി. നളിനാക്ഷൻ, എസ്ഐ പി. സി സഞ്ജയ് കുമാർ, എഎസ്ഐ കെ.പി സെയ്ദ്, എഎസ്ഐ ഷിജോ അഗസ്റ്റിൻ, എഎസ്ഐ ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.

പരിയാരം കവർച്ച അന്വേഷണം
പരിയാരം കവർച്ചാക്കേസ് പ്രതികളെ ഒന്നിനുപിറകെ ഒന്നായി കീഴടക്കിയത് പരിയാരം പോലീസ് സ്ക്വാഡ് വിശ്രമമില്ലാതെയുള്ള കഠിന പരിശ്രമത്തിലൂടെയാണ്.ഒക്ടോബർ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ. ഷക്കീർ, ഡോ. ഫർസീന ദമ്പതിമാരുടെ വീട്ടിൽ കവർച്ച നടന്നത്. അന്നേദിവസം ഇവർ എറണാകുളത്ത് പോയിരുന്നു. രാത്രി വീട്ടിലെത്തിയ കവർച്ച സംഘം ജനലഴികൾ മുറിച്ച് അകത്തുകടന്ന് ഫർസീനയുടെ മാതൃസഹോദരിയായ വയോധികയെ ഭീഷണിപ്പെടുത്തി പത്ത് പവനും പണവും കവർന്നത്.രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിയുന്നത്.തെളിവുകളൊന്നും ബാക്കിവെക്കാതെയുള്ള കവർച്ചയായിരുന്നു. സി.സി.ടി.വി. തുണികൊണ്ട് മറക്കുകയും ഇതിന്റെ ഡി.വി.ആർ. കൊണ്ടുപോകുകയും ചെയ്തിരുന്നു.
വിരലടയാളമോ മറ്റ് തെളിവുകളൊ ഇല്ലാത്ത കേസിൽ ഏത് സംഘമാണ് കവർച്ച നടത്തിയത് എന്നറിയാൻ അന്വേഷണസംഘം കിണഞ്ഞുപരിശ്രമിച്ചു. മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത പി. നളിനാക്ഷൻ പരിയാരം എസ്.എച്ച്.ഒ.യായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വേഗം കൈവന്നു.നിരവധി സി.സി.ടി.വി.കൾ പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായ കാർ കണ്ടെത്തുകയും ഇതിന്റെ നമ്പർ വ്യാജമാണെന്ന് മനസ്സിലാക്കുകയുംചെയ്തു. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ വാഹനം പരിയാരം-കാഞ്ഞങ്ങാട്-ചെർക്കള വഴി കർണാടകയിലേക്ക് പോയതായും കുശാൽനഗറിൽ എത്തിയതായും മനസ്സിലായി. തുടർന്ന് കുശാൽനഗറിനടുത്തുള്ള ശുണ്ടിക്കൊപ്പയിലെ ഹോട്ടലിൽനിന്ന് കവർച്ച സംഘങ്ങളുടെ വ്യക്തമായ ദൃശ്യങ്ങളും കിട്ടി. ഇവിടെവെച്ച് അവർ ഫോൺ ഓൺചെയ്തതായി മനസ്സിലായി. ഇതിലൂടെ കവർച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് സുള്ളൻ സുരേഷും സംഘവുമാണെന്ന് മനസിലാക്കി. തുടർന്ന് ഓരോ പ്രതികളെയായി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
ഒടുവിൽ ഒളിവിലായിരുന്ന മുഖ്യപ്രതി സുള്ളൻ സുരേഷിന് പുറമേ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുള്ളയും തമിഴ്നാട്ടിൽ നിന്ന് സാഹസിതമായി പിടികൂടുകയായിരുന്നു.ഇവരെ കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണവും സഹായകമായി.അന്നത്തെ കണ്ണൂർ സൈബർ സെൽ എസ്.ഐ. യദുകൃഷ്ണനും സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് കുയിലൂരും ശാസ്ത്രീയമായ അന്വേഷണത്തിന് ഏറെ പിന്തുണ നൽകിയത്.
മോഷണമുതലുകളിൽ എട്ടുപവൻ സ്വർണവും മോഷ്ടാക്കൾ ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.സിഐ പി. നളിനാക്ഷൻ, എസ്ഐ സഞ്ജയ് കുമാർ,എഎസ്ഐ സയ്യിദ്, എഎസ്ഐ ഷിജോ അഗസ്റ്റിൻ,എഎസ് ഐ ചന്ദ്രൻ, അഷറഫ്, നൗഫൽ അഞ്ചില്ലത്ത്, രജീഷ് പുഴയിൽ, വനിതാ സിപി ഒ സൗമ്യ എന്നിവരുമായിരുന്നു അന്വേഷണ സംഘാഗങ്ങൾ.
pariyaram squad