കണ്ണുർ ടൗൺ പൊലീസ് സ്റ്റേഷൻ റോഡിൽ വയറിനു കുത്തേറ്റ് ഗുരുതര പരുക്കേറ്റ ബംഗാൾ സ്വദേശി രഞ്ജിത്ത് മങ്കാറിനെ (40) പരിയാരത്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. പോസ്റ്റർ പതിക്കുകയായിരുന്ന യുവാക്കളാണ് സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം റോഡരികിൽ ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്.
പൊലീസ് അഗ്നിശമന സേനയുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് വിധേയനായ രഞ്ജിത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പൊലീസ് അന്വേഷണം ഉൗർജിതമാക്കി. സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി വരുന്നതായി പൊലീസ് പറഞ്ഞു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയാണ് കേസ് അന്വേഷിക്കുന്നത്.മദ്യപിച്ചുണ്ടായ വാക്കുതർക്കമായിരിക്കാം കത്തികുത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2023 ജൂണിൽ ഇതേ സ്ഥലത്ത് ലോറി ഡ്രൈവറും കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. സമീപത്തെ നിർമാണം നിലച്ച മൾട്ടിലവൽ കാർ പാർക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
An interstate worker was stabbed