തളിപ്പറമ്പ: സർ സയ്യിദ് കോളേജിനും കോളേജ് മാനേജ്‌മന്റ് കമ്മിറ്റിയായ കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസ്സോസിയേഷനും (സി ഡി എം ഇ എ ) എതിരായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് 14 .04 2025 നു ചേർന്ന സി ഡി എം ഇ എ എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. 1966 ൽ വഖഫ് ബാർഡിന്റെ അന്നത്തെ സെക്രട്ടറി പരിശോദിച്ഛ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ വഖഫ് ബോർഡിൻറെ നിയമാനുസൃതമായിട്ടുള്ള അനുമതി പ്രകാരം 1967 ൽ തളിപ്പറമ്പ ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി അന്നത്തെ മുതവല്ലി കെ വി സൈനുദ്ധീൻ ഹാജി നൽകിയ ചാർത്താധാരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി തറവാടക നൽകി സി ഡി എം ഇ എ യും സർ സയ്യിദ് കോളേജും കൂടാതെ അനുബന്ധ സൗകര്യങ്ങളും സ്ഥാപനങ്ങളും നടത്തിവരികയാണ്.

കഴിഞ്ഞ അഞ്ചു വർഷമായി സർ സയ്യിദ് കോളേജിനെ തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോട് കൂടി ചിലർ നടത്തിവരുന്ന കുൽസിത ശ്രമങ്ങളെ സി ഡി എം ഇ എ നിയമത്തിന്റെ സഹായത്തോടെയും തളിപ്പറമ്പിലെ ജനങളുടെ നിരുപാധിക പിന്തുണയോടെയും തടഞ്ഞിട്ടുണ്ട്. നിലവിലെ കേന്ദ്ര സർക്കാരിന്റെ യു ജി സിയുടെ നാക്ക് എ ഗ്രേഡും, കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ ഗുണനിലവാരത്തിന്റെ അംഗീകാരമായി എൻ ഐ ആർ എഫ് റാങ്കിങ്ങും കൂടാതെ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എ പ്ലസ് ഗ്രേഡും നേടിയ കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സർ സയ്യിദ് കോളേജ്.
സർ സയ്യിദ് കോളേജ് നിലനിൽക്കുന്ന വസ്തുവിന്റെ നിയമ പ്രകാരമുള്ള ഹോൾഡർ എന്ന നിലയിൽ കൈവശക്കാരായിട്ടുള്ള സി ഡി എം ഇ എയുടെ പേരിലുള്ള രേഖകൾ മാറ്റുന്നതിന് വേണ്ടി ചിലർ നടത്തിയ നീക്കങ്ങളാണ് നിലവിലുള്ള കേസിലേക്ക് നയിച്ചത്. തളിപ്പറമ്പിലെ ആർ ഡി ഓ മുമ്പാകെ നിലവിലുള്ള കേസിൽ വിധി പറയുന്നത് വരെ വിഷയത്തിൽ നടപടി ഉണ്ടാകരുത് എന്ന ആവശ്യത്തോടെയാണ് സി ഡി എം ഇ എ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഹൈക്കോടതി, വഖഫ് ട്രിബുണൽ തുടങ്ങി എല്ലാ ബോഡികളിലും മേൽവസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്പിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോൾഡർ എന്ന നിലയിൽ നിയമാനുസൃതം വസ്തു കൈവശം വെച്ച് കോളേജ് നടത്തുക മാത്രമാണ് സി ഡി എം ഇ എ ചെയ്തു വരുന്നതും എന്ന വാദമാണ് എല്ലാ കാലത്തും എടുത്തുപോന്നിരുന്നത്.
ഇപ്പോൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹരജിയിലും ഈ വാദം ഒന്നിലധികം സ്ഥലങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുള്ളതുമാണ്.
ഇപ്പോൾ സർ സയ്യിദ് കോളേജ് മാനേജ്‌മെന്റിനെതിരെ നടത്തുന്ന ആരോപണങ്ങൾ സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ഒരു ദൃശ്യമാധ്യമ ചാനലിൽ വഖഫ് നിയമ ഭേദഗതിക്ക് ശേഷം ആദ്യമായി ആ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ സി ഡി എം ഇ എ ഹരജി നൽകി എന്ന രീതിയിൽ വന്ന വാർത്ത പൂർണ്ണമായും കളവും വസ്തുതക്ക് നിരക്കാത്തതുമാണ്. വാർത്തയിൽ പരാമർശിച്ച റിട്ട് ഹരജി സി ഡി എം ഇ എ ഹൈക്കോടതിയിൽ സമർപ്പിച്ചത് 20. 03. 2025 നാണ്. എന്നാൽ വഖഫ് നിയമ ഭേദഗതി ബിൽ നിലവിൽ വന്നത് 03. 04. 2025 നുമാണ്.
വസ്തുതകൾ ഇതായിരിക്കെ ഇത്തരത്തിൽ തെറ്റായ വാർത്തകൾ നൽകിയത് സി ഡി എം ഇ എ സ്ഥാപനങ്ങൾക്കെതിരെ ചില തല്പര കക്ഷികൾ നടത്തിവരുന്ന കുൽസിത പ്രവർത്തനങ്ങളുടെ തുടർച്ചയാണ്.
സർ സയ്യിദ് കോളേജിനും അതിന്റെ മാനേജ്‌മന്റ് കമ്മിറ്റിക്കെതിരായും ദുഷ്ട ലാക്കോടുകൂടി ചിലർ നടത്തിവരുന്ന അസത്യപ്രചാരണങ്ങളിൽ പൊതുസമൂഹവും, സർ സയ്യിദ് കോളേജിന്റെ അഭ്യുദയകാംക്ഷികളും വഞ്ചിതരാവരുതെന്ന് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ. പി മഹമൂദ് അധ്യക്ഷത വഹിച്ചു. കെ ഹുസ്സൈൻ ഹാജി, എം ബി എം അഷ്‌റഫ്, അഡ്വ. എസ് മുഹമ്മദ്, എ അബ്ദുല്ല ഹാജി, കെ മുസ്തഫ ഹാജി എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മഹമൂദ് അള്ളാംകുളം സ്വാഗതവും എ കെ അബൂട്ടി ഹാജി നന്ദിയും പറഞ്ഞു.
CDMEA