കണ്ണൂർ: കാലത്തിനൊത്ത മാറ്റം ഉൾക്കൊണ്ട് പുതുക്കിയ മെന്യുവുമായി കണ്ണൂർ ജയിലിൽ നിന്നും കഫ്റ്റീരിയ ഉടൻ. ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ തുടങ്ങി പുതിയ കാലത്തിന്റെ ഇഷ്ട വിഭവങ്ങൾ ഇനി ജയിലിലും ലഭിക്കും. സെൻട്രൽ ജയിലിലെ അന്തേവാസികൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ യാത്രക്കാർക്കു നൽകാനുള്ള കഫെറ്റീരിയ ഉദ്ഘാടനത്തിനൊരുങ്ങുന്നു.

താഴെനിലയിൽ 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. മുകളിൽ 100 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം, ജലധാര എന്നിവയുമുണ്ട്. ഏപ്രിൽ 20നു ശേഷം ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ജയിൽ അധികൃതർ. അഞ്ചുകൊല്ലം മുമ്പ നിർമാണം ആരംഭിച്ച കഫെറ്റീരിയയ്ക്ക് ഒടുവിൽ ശാപമോക്ഷം എന്നുതന്നെ പറയാം. സംസ്‌ഥാന സർക്കാരിനു കീഴിലുള്ള നിർമിതിക്കായിരുന്നു കരാർ ലഭിച്ചത്. ആദ്യഘട്ടത്തിൽ 89 ലക്ഷവും പിന്നീട് 47 ലക്ഷവും അനുവദിച്ചു. അവസാനഘട്ട നിർമാണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.
മലബാറിന്റെ രുചിവൈവിധ്യങ്ങളായിരിക്കും കഫെറ്റീരിയയിൽ ലഭിക്കുക. ഇപ്പോൾ ജയിലിലെ ഫുഡ് കൗണ്ടറിൽ ലഭിക്കുന്ന ചപ്പാത്തി (3 രൂപ), ബിരിയാണി (70), ചില്ലി ചിക്കൻ (65) എന്നിവയ്ക്കു പുറമേ ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ എന്നിവയൊക്കെയുണ്ടാകും. ഇതോടൊപ്പം തന്നെ നിരവധി വിഭവങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ നിന്നും ആരംഭിച്ച ജയിൽ ബിരിയാണി ഏറെ ജനപ്രിയമായിരുന്നു. ഇതിനുപിന്നാലെ നിരവധി വിഭവങ്ങളും കണ്ണൂർ ജില്ലയിൽ നിന്ന് ഉണ്ടാക്കാൻ തുടങ്ങി. ഈ ചുവടുപിടിച്ചാണ് പുത്തൻ പരീക്ഷണം.
Jail