കണ്ണൂർ: മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷൻ’ ഏർപ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ശ്രീ. കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂർ, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത' ഇൻ്റർനാഷണൽ കോൺഫറൻസിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഇ. അഹമദ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.

രാഷ്ട്രനന്മ ലക്ഷ്യമാക്കി മതേതരത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും ഊന്നൽ നൽകി മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കാണ് ഇ. അഹമദ് സാഹിബിന്റെ നാമധേയത്തിൽ പുരസ്കാരം ഏർപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ മതേതരജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിലും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്നു പ്രവർത്തിക്കുന്ന മാതൃക എന്നതും വേണുഗോപാലിനെ തിരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമായി.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.കെ. മുനീർ എം.എൽ.എ., പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുൽറഹ്മാൻ കല്ലായി, അഡ്വ. അബ്ദുൽ കരിം ചേലേരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാരവിതരണം പിന്നീട് വിപുലമായ പരിപാടിയോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
First e. Ahmed Sahib Memorial Rashtrananma Award K.C. For Venugopal