കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടരാം. കേസ് ഡയറി പരിശോധിച്ച കോടതി, നിലവിലെ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ചു.
കേസന്വേഷണം കാര്യക്ഷമമായി നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കണം. കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കണം. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലെ അന്വേഷണ പുരോഗതിയും റേഞ്ച് ഡിഐജി നേരിട്ട് പരിശോധിക്കേണ്ടതാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി കോടതി തീര്‍പ്പാക്കി.
യതീഷ് ചന്ദ്രയാണ് പുതിയ കണ്ണൂര്‍ റേഞ്ച് ഡിഐജി. ഇതോടെ യതീഷ് ചന്ദ്ര അന്വേഷണ മേല്‍നോട്ടം വഹിക്കും. ഇതുവരെ കണ്ണൂര്‍ എസ്പിയാണ് അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്നത്. എഡിഎമ്മിന്റേത് കൊലപാതകമാണെന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ സംശയം അടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നരഹത്യയാണോ, ആത്മഹത്യയാണോ എന്നത് അന്വേഷിച്ച് വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
നരഹത്യ അടക്കം സംശയിക്കുന്നതിനാൽ നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നത്. സിപിഎം നേതാവ് പ്രതിയായതിനാൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്നും കുടുംബം ഹർജിയിൽ ഉന്നയിച്ചിരുന്നു. കോടതി നിർദേശിച്ചാൽ ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിരുന്നു. കേസിൽ നേരത്തെ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്തിരുന്നു.
No CBI probe into Naveen Babu's death