---
title: "വിനോദ സഞ്ചാരം കേന്ദ്രങ്ങളിൽ മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Littering in tourist centers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261805/littering-in-tourist-centers"
published_at: "2025-01-07T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d420652061_news-card.jpg"
keywords: []
---

# വിനോദ സഞ്ചാരം കേന്ദ്രങ്ങളിൽ മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 5 സ്ഥാപനങ്ങൾക്കായി 37500 രൂപ പിഴ ചുമത്തി. വലിച്ചെറിയൽ മുക്ത വാരത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കാഞ്ഞിരകൊല്ലിയിൽ പ്രവർത്തിച്ചുവരുന്ന കൻമദം റിസോർട്ടിനു മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും മലിന ജലം ഒഴുക്കി വിട്ടതിനും 10000 രൂപ പിഴയിട്ടു.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 5 സ്ഥാപനങ്ങൾക്കായി 37500 രൂപ പിഴ ചുമത്തി. വലിച്ചെറിയൽ മുക്ത വാരത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കാഞ്ഞിരകൊല്ലിയിൽ പ്രവർത്തിച്ചുവരുന്ന കൻമദം റിസോർട്ടിനു മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും മലിന ജലം ഒഴുക്കി വിട്ടതിനും 10000 രൂപ പിഴയിട്ടു.

കാഞ്ഞിരകൊല്ലിയിൽ തന്നെ പ്രവർത്തിക്കുന്ന മൗണ്ടെയ്ൻ വ്യൂ റിസോർട്ടിനു മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും അലക്ഷ്യമായി കൂട്ടിയിട്ടതിനും മലിന ജലം ശാസ്ത്രീയമായി സംസ്കരിക്കാത്തതിനും തുറസ്സായി ഒഴുക്കി വിട്ടതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും 15000 രൂപ പിഴ ചുമത്തി. അളകാപുരി വെള്ളച്ചാട്ടത്തിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്ന ഗ്രൗണ്ടിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനു പാർക്കിംഗ് ഗ്രൗണ്ടിന്റെ നടത്തിപ്പ്കാരനായ അഷ്‌റഫിന് 2500 രൂപ സ്‌ക്വാഡ് പിഴ ചുമത്തി.

കാഞ്ഞിരകൊല്ലി ടൗണിൽ സ്ഥിതി ചെയ്യുന്ന നന്ദ ഗോപൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ പരിസരത്ത് മാലിന്യങ്ങൾ തള്ളിയതിനും കൂട്ടിയിട്ടതിനും കെട്ടിട ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. കുന്നത്തൂർ പാടിയിൽ ജോസഫ് പറയ്ക്കൽ എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടലിലെ ഭക്ഷണ അവശിഷ്ടങ്ങളും മലിന ജലവും അടുക്കളയ്ക്ക് പുറകിൽ തള്ളിയതിനു ഹോട്ടലിനും 5000 രൂപ പിഴ ചുമത്തി.

തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ലക്ഷ്മണൻ കെ,വി ഇ ഒ മുഹമ്മദ്‌ ഷെഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261805/littering-in-tourist-centers)