ദേശീയ പാത അധികൃതരുടേയും നിർമാണ കമ്പനിയുടെയും അനാസ്ഥ:കുപ്പം പുഴയുടെ കുത്തൊഴുക്കിൽ തീരപ്രദേശം ഒലിച്ചു പോയി.പടവിലെ പി ദേവകിയുടെ സ്ഥലം പതിനഞ്ച് മീറ്ററോളം പുഴയെടുത്തു. തെങ്ങുകളും കവുങ്ങുകളും കണ്ടൽകാടുകളും ഒഴുകിപ്പോയി. പുഴയോരത്തുള്ള 110 കെ വി ടവർ, നിലവിലുള്ള പാലത്തിൻ്റെ അടിവാരം, പടവിൽ മുത്തപ്പൻ മടപ്പുരയിലേക്കുള്ള റോഡ്, സമീപത്തെ വീടുകൾ എന്നിവ ഭീഷണിയിലായി.
ഇന്നലെ സന്ധ്യക്ക് ഏഴ് മണിയോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. അടിയന്തിര ജനകീയ ഇടപെടലിനെ തുടർന്ന് രാത്രി തന്നെ അധികൃതരെത്തി അൽപം മണ്ണ് മാറ്റിയതിൻ്റെ ആശ്വാസം ഉണ്ടെന്ന് മാത്രം.പുതിയ കുപ്പം പാലം നിർമാണത്തിനായി പുഴയുടെ മുക്കാൽ ഭാഗത്തിലധികവും മണ്ണിട്ട് മൂടിയതാണ് നാശനഷ്ടത്തിന് കാരണമായത്.
വേലിയിറക്ക സമയത്ത് താഴേക്ക് പുഴ കുത്തിയൊഴുകി. കനത്ത മഴ പെയ്തിരുന്നുവെങ്കിൽ വൻ ദുരന്തമായേനെ. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും നിർമാണ കമ്പനിയും ദേശീയ പാത അധികൃതരും ജാഗ്രത കാണിക്കാത്തതിൽ ജനകീയ പ്രതിക്ഷേധം ശക്തമാണ്.
വിപുലമായ ഒരു പദ്ധതിക്ക് വേണ്ടിയുള്ള പ്രൊജക്റ്റിൻ്റെ കൂടെ റിസ്ക് മാനേജ്മെൻ്റ് സംവിധാനം തീർച്ചയായും ഉണ്ടാകും. പുഴ മണ്ണിട്ട് നികത്തുമ്പോഴുള്ള പ്രത്യാഘാതങ്ങൾ വിശദമായി പഠിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ഉണ്ടാകാനിടയുള്ള നാശങ്ങൾ മുൻകൂട്ടി കണ്ടെത്തും. കാലാവസ്ഥാ പ്രവചനം ആവശ്യത്തിന് മുന്നറിയിപ്പ്
ഇക്കാലത്ത് നൽകുന്നുണ്ട്. നൂതനമായ യന്ത്ര സാമഗ്രികൾ ഉണ്ട്. എന്നിട്ടും യാതൊരു മുൻകരുതലും ഏർപ്പെടുത്തിയില്ല എന്നതാണ് ഗുരുതരം. അത്തരം റിസ്ക് മാനേജ്മെൻറ് സംവിധാനം ഒന്നികിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല, അല്ലെങ്കിൽ തീരെയില്ല എന്നു വേണം കരുതാൻ. പരമാവധി ലാഭക്കൊതി വെച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ സ്വീകരിക്കുന്ന കുറുക്ക് വഴികളാണിത്. ഇതൊക്കെ നിരീക്ഷിക്കാൻ ഉത്ത രവാദപ്പെട്ട ദേശീയപാത അധികൃതരും നോക്കു കുത്തിയാണ്.
kuppam bridge