പരിയാരം: കെകെഎൻപിഎംജിവിഎച്ച്‌എസ്‌എസിന് ജില്ലാ പഞ്ചായത്ത് നിർമിച്ച ക്ലാസ്സ് മുറികളും കിഫ്‌ബി പ്രകാരം നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തിയും ഉത്സവാന്തരീക്ഷത്തിൽ ഉദ്‌ഘാടനം ചെയ്‌തു. കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി മൂന്ന്‌കോടി 90 ലക്ഷം രൂപ ചെലവിലാണ് ഹയർസെക്കൻഡറിക്ക് കെട്ടിടം നിർമിക്കുന്നത്. പദ്ധതിയുടെ കല്ലിടലും ജില്ലാ പഞ്ചായത്ത് 70ലക്ഷം രൂപ ചെലവിൽ നിർമിച്ച മൂന്ന് ക്ലാസ് ക്ലാസ്‌മുറികളുടെ ഉദ്‌ഘാടനവും എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു.
കേരളത്തിലെ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പശ്ചാത്തല സൗകര്യവും അത് ഉപയോഗിച്ചുള്ള പാഠ്യപദ്ധതികളും ലോകനിലവാരത്തിൽ ഉയർന്നിരിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള മൗലിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, ഇ സി മല്ലിക, ടോണ വിൻസന്റ്, ദൃശ്യ ദിനേശൻ, എഇഒ കെ മനോജ്, ഡിപിസി ഇ സി വിനോദ്, കെ അനിൽ, പിടിഎ പ്രസിഡന്റ് വി വി ദിവാകരൻ, എസ്‌എംസി ചെയർമാൻ പി രഞ്‌ജിത്ത്, കെ കെ പത്മനാഭൻ, എ വി രതീഷ്‌ബാബു, വി വി രാജൻ, എൻ കെ ഇ ചന്ദ്രശേഖരൻ നമ്പൂതിരി, എ വി ശ്രീകല, ടി പ്രകാശൻ എന്നിവർ സംസാരിച്ചു. വിദ്യാകിരണം ജില്ലാ കോ–-ഓർഡിനേറ്റർ കെ സി സുധീർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടെനി സൂസൺ ജോൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിഭകൾക്ക് അനുമോദനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻഎസ്‌എസ് നൽകുന്ന തുക കൈമാറൽ, ജേഴ്‌സി പ്രകാശനം, ദേവപ്രസാദിന് ചികിത്സാസഹായം കൈമാറൽ എന്നിവയും നടന്നു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ സ്വാഗതവും പ്രധാനാധ്യാപിക എ കെ സബിത നന്ദിയും പറഞ്ഞു.
Construction work was inaugurated