കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും. നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഹര്‍ജിയില്‍ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയോട് അവശ്യപ്പെട്ടു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്ന ആളാണ്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച് തെളിവുകളാകുമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ്‍ഐടി അന്വേഷണം പേരിന് മാത്രമെന്നായിരുന്നു മഞ്ജുഷയുടെ വാദം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമാണെന്ന് മഞ്ജുഷ കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണമോ അല്ലെങ്കില്‍ ക്രൈബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
High Court to produce case diary