തലശേരി: വ്യാജ ഇന്ത്യന്‍ കറന്‍സി കൈവശം സൂക്ഷിക്കുകയും വിനിമയും നടത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. കേസില്‍ ഒന്നാം പ്രതിയായ തളിപ്പറമ്പ് ചൊര്‍ക്കള വി.കെ ഉബൈസ് (44), രണ്ടാംപ്രതി തളിപ്പറമ്പ് ഞാറ്റുവയലില്‍ സി.എച്ച് സിറാജ് (37) എന്നിവരെയാണ് തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
രണ്ടു വകുപ്പുകളിലായി അഞ്ചുവര്‍ഷം വീതം കഠിന തടവാണ് ശിക്ഷ. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. 2009 ജൂലൈ 26നാണ് കേസിനാസ്പദ സംഭവം. വ്യാജ കറന്‍സി ഉപയോഗിച്ച് വിനിമയം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താവക്കരയിലുള്ള ശക്തി ശ്രീലക്ഷ്‌നി ലക്കി ടോണ്‍ എന്ന സ്ഥാപനത്തില്‍ വച്ചാണ് ഒന്നാം പ്രതി ഉബൈസിനെ 3000 രൂപയുടെ വ്യാജ കറന്‍സി സഹിതം പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉബൈസിന്റെ താമസ സ്ഥലത്ത് വച്ച് രണ്ടാം പ്രതിയായ സിറാജനെ പിടികൂടിയത്. 37000 രൂപയുടെ വ്യാജ കറന്‍സിയും ഇയാളില്‍ നിന്നു കണ്ടെത്തി.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.പി സദാനന്ദനാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ വി.എസ് ജയശ്രീ ഹാജരായി.
case