കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച ഷമാ മുഹമ്മദ് അടക്കമുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഷമാ മുഹമ്മദ് അടക്കമുള്ളപ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടന എഐവൈഎഫും രംഗത്തെത്തി.
അതിനിടെ പി.പി ദിവ്യയെ യാത്ര അയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി തള്ളി കുടുംബം രംഗത്തുവന്നു. കളക്ടറുടെ ശരീര ഭാഷ കാണുമ്പോൾ ചില സംശയങ്ങൾ ഉണ്ടെന്നും യാത്ര അയപ്പ് ചടങ്ങിലെ ശരീര ഭാഷ തന്നെ വേദനിപ്പിച്ചുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.തന്റെ ഭർത്താവ് തകർന്നു ഇരിക്കുമ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു. തെറ്റ് പറ്റിയെന്ന കളക്ടറുടെ മൊഴി കള്ളമാണെന്നും അങ്ങനെ ഒരു ആത്മബന്ധം ഇരുവരും തമ്മിൽ ഇല്ലെന്നും മഞ്ജുഷ പറഞ്ഞു. നിയമപോരാട്ടം അവസാനം വരെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
Congress march to Kannur Collectorate