കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പി പി ദിവ്യയുടെ രാജിക്ക് ശേഷം നടന്ന ആദ്യ ജില്ലാ പഞ്ചായത്ത് യോഗം ബഹളമയം. പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ജില്ലാ പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ച് നിയമത്തിന് കീഴടങ്ങണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ അവതരണാനുമതി നിഷേധിച്ചതോടെയാണ് ബഹളം ആരംഭിച്ചത്.
യോഗം ആരംഭിച്ച ഉടൻ അധ്യക്ഷനായ ബിനോയ് കുര്യൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.അധ്യക്ഷൻ അജണ്ടയിലേക്ക് കടന്നയുടനെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എൻ പി ശ്രീധരൻ, ലിസി ജോസഫ്, ജൂബിലി ചാക്കോ, ടി സി പ്രിയ, എസ് കെ ആബിദ, ടി താഹിറ എന്നിവർ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
അടിയന്തിര പ്രമേയത്തിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയാലേ അജണ്ടയിൽ ഉൾപ്പെടുത്താനാവൂ എന്നായിരുന്നു വൈസ് പ്രസിഡണ്ടിന്റെ വാദം.ഇതിനിടെ സ്ഥിരം സമിതി അധ്യക്ഷർ അജണ്ടകൾ അവതരിപ്പിക്കുകയും ഭരണപക്ഷം കൈയടിച്ച് അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ ദിവ്യയുടെ രാജിക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച വിവരം യോഗത്തെ അറിയിക്കുകയായിരുന്നു. 11.25 ഓടെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് യോഗം അവസാനിക്കുന്നതു വരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധമുയർത്തി.
District Panchayat meeting