ബക്കളം: കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പും കായിക യുവജന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിക്ക് മോറാഴ ഗവ. യു.പി സ്കൂളിൽ തുടക്കം കുറിച്ചു. പ്രൈമറി തലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിച്ചു കൊണ്ട് കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് മുൻഗണന നൽകി.
പൂർണ്ണ കായിക ക്ഷമതയുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ മാത്രം നടപ്പിലാക്കുന്ന ഈ പദ്ധതി കണ്ണൂർ ജില്ലയിലെ ധർമ്മടം, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവ്വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. പി ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് സജിന ടി.കെ. സ്വാഗതമരുളി. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഓമന മുരളീധരൻ, വാർഡ് കൗൺസിലർ ടി. മനോഹരൻ , തളിപ്പറമ്പ് ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് സി. സുരേന്ദ്രൻ മദർ പിടിഎ പ്രസിഡണ്ട് ഖദീജ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി പ്രതിനിധി എ.വി. ചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമീള ടി.വി നന്ദി രേഖപ്പെടുത്തി.
Healthy Kids project started in school