തളിപ്പറമ്പ്: കിണറ്റിൽ വീണ മയിലിനെ വന്യ ജീവി സംരക്ഷകർ രക്ഷപ്പെടുത്തി. പട്ടുവം കൂത്താട്ട് മദ്രസ്സക്ക് സമീപത്തെ പുന്നക്കൽ അസീബയുടെ വീട്ടു പറമ്പിലെ ' കിണറ്റിൽ വീണ മയിലിനെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരംഅസീബയുടെ വീടിന് സമീപം കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ കിണറ്റിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മയിലിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിച്ചു.
മയിൽ കിണറ്റിൽ വീണതായി കണ്ട നാട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു . വനംവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം വനംവകുപ്പിന്റെയും മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻറർ ഫോർ വൈൽഡ് ലൈഫിൻ്റെയും ( മാർക്ക്) വന്യജീവി സംരക്ഷകനായ അനിൽ തൃച്ചംബരവും വനം വകുപ്പിന്റെയും പ്രസാദ് ഫാൻസ് അസോസിയേഷൻൻ്റെയും ( പി എഫ് എ ) വന്യജീവി സംരക്ഷകനായ സുചീന്ദ്രൻ മൊട്ടമ്മലും സ്ഥലത്തെത്തി . ചെറിയ കിണറായതിനാൽ വല ഉപയോഗിച്ച് കിണറ്റിൽ നിന്നും മയിലിനെ രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ട് വയസ് പ്രായമുള്ള പെൺമയിലായിരുന്നു കിണറ്റിൽ അകപ്പെട്ടത്. പട്ടുവം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഇ ശ്രുതിയുടെ സാന്നിധ്യത്തിലാണ് മയിലിനെ രക്ഷപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന മയിലിനെ അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.
Wildlife conservationists rescued a peacock