കണ്ണൂർ: പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കിയ വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്‌സി) വഴി വോട്ട് ചെയ്തത് 1660 ഉദ്യോഗസ്ഥര്‍. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടന്ന കേന്ദ്രങ്ങളിലാണ് വിഎഫ്‌സി സെന്ററുകള്‍ ഒരുക്കിയത്. ആകെ 2085 പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളാണ് മറ്റ് ജില്ലകളിലേക്ക് അയച്ചത്. ഇതില്‍ 1122 പേരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് വോട്ടിങ്ങിനായി ലഭ്യമാക്കിയത്. ഏപ്രില്‍ 19 വരെയാണ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിനായുള്ള അപേക്ഷ സ്വീകരിച്ചത്.
ബാലറ്റ് ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ഏപ്രില്‍ 22, 23, 24 തീയതികളില്‍ ജില്ലാ കേന്ദ്രമായ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക വുമണ്‍സ് കോളേജില്‍ നിന്നും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജീവനക്കാരില്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവര്‍ക്കും ഈ സെന്ററില്‍ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് ദിവസം വോട്ടറായിരിക്കുന്ന ലോക്‌സഭ മണ്ഡലത്തില്‍ തന്നെ ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതാത് ലോക്‌സഭ മണ്ഡലത്തിലെ ഏത് പോളിങ് ബൂത്തിലും വോട്ട് ചെയ്യാം. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ ഡി സി ) ലഭിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ നിയോജക മണ്ഡലങ്ങളിലെ എ ആര്‍ ഒ മാര്‍ക്ക് ഏപ്രില്‍ 22 വരെ അപേക്ഷ സമര്‍പ്പിക്കാം.
Postel vote