തലശേരി: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ വിജിലന്‍സ് പിടിയിലായ പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സി.ബിജുവിനെ(48) ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂതനന്റെ വസതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തത്.

ബിജുവിന്റെ കാര്‍ പരിശോധിച്ചതില്‍ 375 മില്ലി ലിറ്റര്‍ മദ്യകുപ്പി ബില്ല് സഹിതം കണ്ടെത്തിയത് മഹസറില്‍ ഉള്‍പ്പെടുത്തി നഗരസഭ അസി.എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ ബിജുവിന്റെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി വിജിലന്‍സ് സംഘം കൈമാറിയിട്ടുണ്ട്. കൂടാതെ ഇന്നലെ ആന്തൂര്‍ തവളപ്പാറയിലെ ബിജുവിന്റെ വീടും വിജിലന്‍സ് റെയിഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല.
ഇയാളെ പിടികൂടിയ ഉടന്‍ തന്നെ സ്ഥലത്തെത്തിയ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ചുതന്നെ പരാതികളെ തുടര്‍ന്ന് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കാര്യം ആവര്‍ത്തിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞതോടെ നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ബിജുവിനെ പിടികൂടിയത്.ജോലി ചെയ്ത ഓഫീസുകളിലെല്ലാം ഇയാൾ കൈക്കൂലി വാങ്ങുന്നത് പതിവാണെന്ന് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നു.
മുയ്യം സ്വദേശിയും ഇപ്പോൾ തവളപ്പാറയിൽ താമസക്കാരാനുമാണ് ഇയാൾ. കുറുമാത്തൂർ പഞ്ചായത്തിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ കൊണ്ട് ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
Biju, who was caught while taking bribe, was remanded and sent to jail