പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തിനൊത്ത ഫുട്‌ബോള്‍ മൈതാനവും 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.വിജിന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യതിഥിയാവും. എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ.വി.ശിവദാസന്‍, ഡോ.ജോണ്‍ ബ്രിട്ടാസ്, അഡ്വ.പി സന്തോഷ്‌കുമാര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടര്‍ ഡോ.എസ്.ചന്ദ്രശേഖര്‍, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, സായി റീജിയണല്‍ മേധാവി ഡോ.ജി.കിഷോര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷണിലെ മികച്ച വനിതാ അത്‌ലറ്റുകള്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഫുട്‌ബോള്‍ മൈതാനത്തെ ആദ്യ മല്‍സരം പയ്യന്നൂര്‍ ഫുട്‌ബോള്‍ അക്കാദമിയും തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയിലെയും പെണ്‍കുട്ടികളുടെ ടീമുകള്‍ തമ്മിലാണ്. തുടര്‍ന്ന് പുരുഷ വിഭാഗത്തിലെ മെഡിക്കല്‍ ഡന്റല്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ടീമും ഫാര്‍മസി കോളേജ് നേഴ്‌സിംഗ് കോളേജ് തമ്മിലുമുള്ള മത്സരമായിരിക്കും. ഈ മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഉദ്ഘാടനച്ചടങ്ങ് അവസാനിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്
The Chief Minister will inaugurate the completed synthetic track and football field