തളിപ്പറമ്പ്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി. വിപിൻ കുമാറും പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിൽ ലഹരിയുമായി യുവതിയും യുവാവും പിടിയിലായി. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് അഴിക്കോട് സ്വദേശിനി സ്നേഹ, തളിപ്പറമ്പ് താലൂക്കിൽ, കുറ്റ്യേരി പൂവ്വത്ത് മുഹമ്മദ് മഷ്ഹൂദ്.പി എന്നിവർ പിടിയിലായത്.

കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിക്കിടെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിർത്തി കടന്നു കളയാൻ ഭാവിച്ച മഷ്ഹൂദിനെ അതി സാഹസികമയാണ് എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മഷ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട്. മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് വില്പന നടത്തുന്ന പ്രതി ഏറെ നാളായി എക്‌സൈസ് നിരീക്ഷണത്തിലാണ്, വിവാഹിതനാണെങ്കിലും പ്രതി മയക്കുമരുന്ന് വില്പന നടത്തുന്നതിന് പല സ്ത്രീകളുമായും ബന്ധം സ്ഥാപിച്ചിരുന്നു.
പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് ലഹരി വില്പനയ്ക്കായി കൈമാറ്റം ചെയ്ത ആളുകളുടെയും, ഇയാളിൽ നിന്നും സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ കൂട്ടാളികളും വലയിലാവുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ.
ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ.കെ.കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അബ്ദുൾ ലത്തീഫ് വി , സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ധനേഷ്.വി, റെനിൽ കൃഷ്ണൻ.പി.പി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
arrest with mdma