ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 900ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി 7:20നാണ് അപകടമുണ്ടായത്.

അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഷാലിമാറിൽ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെ പുറപ്പെട്ട കോർമണ്ഡൽ എക്സ്പ്രസ് രണ്ട് സ്റ്റേഷനുകൾ പിന്നിട്ട് ബാലസോറിലെത്തി. വേഗത്തിൽ കുതിച്ച ട്രെയിൻ ബഹനാഗ സ്റ്റേഷന് സമീപം വച്ചാണ് പാളം തെറ്റിയത്. 12 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് യശ്വന്ത്പൂർ ഹൗറ എക്പ്രസും ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണത്തിന് മുഖ്യമന്ത്രി നവീൻ പട്‌നായിക് ആഹ്വാനം ചെയ്തു.
odisha train accidengt