കണ്ണൂര്‍:പ്രശസ്തമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം മാസങ്ങൾ നീണ്ട ആസൂത്രണഫലമായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ പുറത്തുവന്ന വെളിപ്പെടുത്തൽ. സെല്ലിന്റെ കമ്പികൾ നേരത്തെ തന്നെ ഹാക്‌സോ ബ്ലേഡിന്റെ സഹായത്തോടെ മുറിച്ച് തുടങ്ങിയിരുന്നതായി പ്രതി മൊഴി നൽകി. കമ്പി മുറിച്ച ഭാഗങ്ങൾ തുണികൊണ്ട് മറച്ചുവെച്ച് അധികൃതർക്ക് സംശയം തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും പ്രതി പറഞ്ഞു.
ജയിൽ ചാടുന്നതിനായി ശരീരഭാരം കുറയ്ക്കാൻ പ്രതി മാസങ്ങളോളം ചോറ് കഴിക്കാതിരുന്നുവെന്നും ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചുവെന്നും മൊഴിയിലുണ്ട്. നീണ്ട ദിവസങ്ങളായി വ്യായാമം നടത്തിയിരുന്നുവെന്നും ശരീരഭാരം പകുതിയായി കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


പ്ലാസ്റ്റിക് ഡ്രമ്മുകളും പഴയ തുണികളും ഉപയോഗിച്ച് ജയിലിന്റെ ചുറ്റുമതിൽ ചാടാൻ വേണ്ടി പ്രതി പ്രത്യേക ക്രമീകരണം നടത്തിയിരുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിൽ എത്തുകയും, അവിടെനിന്ന് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിംഗിലൂടെ പുറത്ത് കടക്കുകയുമായിരുന്നു.
പുലർച്ചെ 1.15 ഓടെയാണ് സെല്ലിൽ നിന്നു പുറത്തിറങ്ങിയത്. ഗോവിന്ദച്ചാമി കിടന്ന സെല്ലിൽ വെളിച്ചമില്ലായ്മയും മറ്റും അദ്ദേഹത്തിന് അനുകൂലമായി. സെല്ലിൽ പുതച്ചുമൂടി കിടന്നതിനാൽ വാച്ചിംഗ് വാഡന്റെ ശ്രദ്ധയിൽപ്പെടാതെ പോകാൻ അദ്ദേഹത്തിന് സാധിച്ചു.
ജയിൽ ചാടിയ ശേഷം പ്രതി കണ്ണൂരിലെ തളാപ്പിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിഞ്ഞിരിയ്ക്കുകയായിരുന്നു. നാട്ടുകാരുടെ വിവരത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Govinda chaami