തളിപ്പറമ്പ്:വഖഫ് ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന് (സിഡിഎംഇഎ) എതിരായ പരാതി പരിഗണിക്കുന്നതിൽനിന്ന് സിഡിഎംഇഎ ഭാരവാഹികൂടിയായ കേരള വഖഫ് ബോർഡ് ജുഡീഷ്യൽ അംഗത്തെ മാറ്റിനിർത്താനാവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവിന്റെ ഹർജി. സിഡിഎംഇഎ എക്സിക്യൂട്ടീവ് അംഗമായ പി വി സൈനുദ്ദീനെതിരെയാണ് മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പൽ ട്രഷററും വൈറ്റ് ഗാർഡ് ജില്ലാ വൈസ് ക്യാപ്റ്റനുമായ സി മുഹമ്മദ് അഷ്റഫിൻ്റെ (ബപ്പു അഷ്റഫ്) പരാതി. വഖഫ് ബോർഡിൽ കേസ് പരിഗണനക്കെത്തിയപ്പോഴാണ് മുഹമ്മദ് അഷ്റഫ് ഇടക്കാല ഹർജി നൽകിയത്. തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയിൽനിന്ന് അര നൂറ്റാണ്ടുമുമ്പ് പാട്ടത്തിനെടുത്ത 25 ഏക്കർ ഭൂമിയാണ് സിഡിഎംഇഎ കൈക്കലാക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ കേരള ഹൈക്കോടതിയിലും വഖഫ് ബോർഡിലും ട്രൈബ്യൂണലിലും കേസുണ്ട്.പ്രതിസ്ഥാനത്തുള്ള സൈനുദ്ദീൻ ജുഡീഷ്യൽ കമ്മിറ്റിയിലും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലും തുടരുന്നത് നീതിക്ക് നിരക്കുന്നതല്ല. വിചാരണയെ ബാധിക്കാമെന്നതിനാൽ സൈനുദ്ദീനെ ബോർഡിൻ്റെ ജുഡീഷ്യൽ കമ്മിറ്റിയിൽനിന്നും മറ്റു കമ്മിറ്റികളിൽനിന്നും ഒഴിവാക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം. വഖഫ് നിയമപ്രകാരം 99 കൊല്ലത്തേക്കുള്ള ലീസിന് നിയമപ്രാബല്യമില്ലെന്നും മുൻകൂർ അനുമതിയില്ലാതെ സിഡിഎംഇഎ നിർമാണപ്രവർത്തനം നടത്തുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ബോർഡിനുമുമ്പാകെയുള്ളത്. നേരത്തേ ഈ കേസിൽ സർ സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള വഖഫ് ഭൂമി നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന വിചിത്ര അവകാശവാദവും അസോസിയേഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു.
Waqf_issue_related_to_Taliparamba