തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ രണ്ടു ഗഡു ലഭിക്കും. മെയ് മാസത്തെ പെന്‍ഷനൊപ്പം സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3,200 രൂപവീതം ലഭിക്കും.

സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെന്‍ഷനിലെ ഒരു ഗഡു കൂടി വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിക്കുന്നത്. 62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ അതാത് മാസംതന്നെ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
Two installments of social and welfare pension