മാള(തൃശൂര്‍): കുഴൂരില്‍ ആറു വയസുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മുക്കി കൊന്ന സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി പോലിസ്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാല്‍ കുളത്തില്‍ മുക്കിക്കൊന്നതായി പ്രതിയായ ജോജോ മൊഴി നല്‍കിയെന്ന് പോലിസ് അറിയിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് കുട്ടിയെ നിര്‍ബന്ധിച്ചെന്നും അമ്മയോടു പറയുമെന്നു കുട്ടി പറഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു. കുളത്തിലേക്കു തള്ളിയിട്ടു. മരണം ഉറപ്പാക്കാന്‍ വെള്ളത്തില്‍ മുക്കിപ്പിടിച്ചെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

മോഷണക്കേസ് പ്രതിയായ ജോജോ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒന്‍പതിന് കുളത്തില്‍നിന്ന് മൃതദേഹം കിട്ടിയത്. ജോജോക്കൊപ്പം കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വീടിനടുത്തുള്ള പാടത്തുവരെ കുട്ടി എത്തിയതായും സൂചന കിട്ടി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നാട്ടുകാരും പോലിസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്.
തിരച്ചിലില്‍ ജോജോയുമുണ്ടായിരുന്നു. തുടക്കം മുതല്‍ ഇയാളുടെ നീക്കങ്ങളില്‍ ദുരൂഹത തോന്നിയതോടെയാണ് പോലിസ് ചോദ്യം ചെയ്തത്. കുളത്തില്‍ വീഴുന്നത് കണ്ടുവെന്നായിരുന്നു ആദ്യത്തെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മുക്കിക്കൊന്നതായി സമ്മതിക്കുകയായിരുന്നു.
Murder of six-year-old