ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് നിസാർ എന്നവരുടെയും കെ പത്മനാഭൻ എന്നവരുടെയും ഉടമസ്ഥതയിലുള്ള രണ്ട് ക്വാട്ടേഴ്‌സുകൾക്ക് 10000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തി.

കുഴൽ കിണർ പണി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യു മെഡിക്ക് സ്പെഷ്യാലിറ്റി ക്ലിനിക്കിന് എതിർവശത്തുള്ള നിസാർ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നിന്നുള്ള മലിന ജലം തുറസ്സായി പൊതു റോഡിനു സമീപത്തേയ്ക്ക് ഒഴുക്കിവിടുന്നതിനും കുളിമുറിയിൽ നിന്നുള്ള മലിനജലം തുറസായി സമീപത്തെ കുഴിയിലേക്ക് ഒഴുക്കി വിടുന്നതിനും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ക്വാട്ടേഴ്‌സിന്റെ പരിസരപ്രദേശങ്ങളിൽ പല ഇടങ്ങളിലായി വലിച്ചെറിഞ്ഞതിനുമാണ് സ്‌ക്വാഡ് ക്വാട്ടേഴ്‌സിനു 10000 രൂപ പിഴ ചുമത്തിയത്.
ഖര- ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം ക്വാട്ടേഴ്‌സ് നടത്തിപ്പുകാരന് സ്‌ക്വാഡ് നൽകി. ഈ ക്വാട്ടേഴ്‌സിനു സമീപത്തായി തന്നെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെ. പത്മനാഭൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സിൽ ജൈവ - അജൈവ മാലിന്യങ്ങൾ കാലങ്ങളായി ഒന്നാം നിലയുടെ സൺഷെയ്ഡിൽ കൂട്ടി ഇട്ടതിനും പരിസരങ്ങളിൽ മദ്യകുപ്പികൾ അടക്കമുള്ളവ വലിച്ചെറിഞ്ഞതിനും ക്വാട്ടേഴ്‌സിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും സ്‌ക്വാഡ് 10000 രൂപ പിഴ .ചുമത്തി.
ക്വാട്ടേഴ്‌സിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിനൽകിയിട്ടുമില്ല എന്ന് സ്‌ക്വാഡ് കണ്ടെത്തി. മാലിന്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് എടുത്തു മാറ്റാനും ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും ഉടമയ്ക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ ടി തുടങ്ങിയവർ പങ്കെടുത്തു.
Unscientific waste disposal