തളിപ്പറമ്പ്: സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ തുടക്കമായി. പ്രതിനിധി സമ്മേളനം തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുതിർന്ന അംഗം കെ പി സഹദേവൻ പതാകയുയർത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. എൻ ചന്ദ്രൻ താൽക്കാലിക അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, എളമരം കരീം, പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ് സുജാത, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്, കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ രാഗേഷ്, പി ശശി, ടി വി രാജേഷ്, വി ശിവദാസൻ, വൽസൻ പനോളി, ബിജു കണ്ടക്കൈ , കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
ജില്ലയിലെ 18 ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കൾ വൈകിട്ട് തളിപ്പറമ്പ് നഗരം കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വളന്റിയർ മാർച്ച് പൊതുസമ്മേളന നഗരിയിൽ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
cpim