കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ രാജേഷ് കാക്കി ഇടുമ്പോള്‍ നിയമപാലകനാണെങ്കില്‍ കാക്കിയഴിച്ചാല്‍ ജീവകാരുണ്യ പ്രവര്‍ത്തകനാണ്. പറശ്ശിനിക്കടവ് തളിയില്‍ സ്വദേശിയായ രാജേഷ് ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്‍റെ ഭാഗമാക്കിയിട്ട് 34 വര്‍ഷം പിന്നിടുന്നു. വീട് എന്നത് ഒരു വിദൂരസ്വപനമായ കുടുംബങ്ങള്‍ക്ക് അത് യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ മുന്നില്‍നിന്ന് പ്രവൃത്തിക്കും ഈ പോലീസുകാരന്‍.
13 വര്‍ഷത്തിനിടെ 22 വീടുകള്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചുനല്‍കി. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായസഹകരണങ്ങളോടെ വീടൊരുക്കാന്‍ ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഇദ്ദേഹം എത്തിച്ചുനല്‍കി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ഒരുരൂപപോലും പണമായി സ്വീകരിക്കുന്നില്ല.


2003ല്‍ പോലീസില്‍ ചേര്‍ന്ന രാജേഷ് 2011ല്‍ കണ്ണപുരം ജനമൈത്രി പൊലീസില്‍ അംഗമായിരിക്കെ ചെറുകുന്നില്‍ ഒരു വീട്ടമ്മയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയാണ് തുടക്കം. വീട് ആവശ്യമുള്ള ആളെ രാജേഷ് കണ്ടെത്തി കഴിഞ്ഞാല്‍ സഹായവും തൊഴില്‍ സഹകരണവും നല്‍കാന്‍ ഒട്ടേറെ പേര്‍ പലയിടത്തുനിന്നെത്തും. അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വീട് പൂര്‍ത്തിയാകുന്നതുവരെ എല്ലാ ആവശ്യങ്ങള്‍ക്കും രാജേഷ് കൂടെയുണ്ടാകും.
തളിയില്‍ സെലക്റ്റഡ് ആര്‍ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നാണ് രാജേഷിന്‍റെ സമൂഹികസേവനങ്ങളുടെ തുടക്കം. ഇപ്പോള്‍ നാട്ടുകാരുമായി ചേര്‍ന്ന് കനിവിന്‍റെ തണല്‍ ഗ്രൂപ്പ് ഓഫ് ചാരിറ്റി എന്ന പേരില്‍ ജാതിമതരാഷ്ട്രിയ വേര്‍തിരിവില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, വസ്ത്രങ്ങള്‍ നല്‍കുക, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നിങ്ങനെ ക്ലബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
സേവനത്തിന്‍റെ ആദ്യഘട്ടത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ദേഹം നൂറില്‍പരം വീല്‍ചെയറുകള്‍, വാട്ടര്‍ ബെഡ് എന്നിവ നല്‍കി. വഴിയോരങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ സാന്ത്വനകേന്ദ്രങ്ങളുടെ തണലില്‍ എത്തിച്ചു. 3000ത്തിലധികം കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനവും നല്‍കി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാ കമ്മിറ്റി, ധര്‍മ്മശാല കെഎപി മൈത്രി കമ്മിറ്റി സംഘടനകളില്‍ സജീവമായ ഇദ്ദേഹം ഒരു നിര്‍ദ്ധനപെണ്‍കുട്ടിയുടെ വിവാഹവും നടത്തിയിട്ടുണ്ട്. 2020ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലും രാജേഷിന് ലഭിച്ചിട്ടുണ്ട്.
a s i rajesh