കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ, ഹൃദയം തുറക്കാതെ തന്നെ ഹൃദയത്തിലെ വലതു മേലറയ്ക്കും കീഴറയ്ക്കും ഇടയിലുള്ള ത്രിദളവാൽവ് മാറ്റിവെച്ചു കൊണ്ട് ഹൃദ്രോഗ ചികിത്സയിൽ പുതിയ അദ്ധ്യായം കുറിച്ചു. ഇതിന് മുമ്പ് ഇതേ രീതിയിൽ ഇടതു വശത്തുള്ള ദ്വിദളവാൽവ്, മഹാധമനിയിലെ അയോർട്ടിക് വാൽവ് ഇവ ഹൃദയം തുറക്കാതെ തന്നെ മാറ്റി വെച്ചിരുന്നു. ഇതാദ്യമായാണ് ഹൃദയത്തിലെ വലതു വശത്തുള്ള വാൽവ് ഈ രീതിയിൽ വിജയകരമായി മാറ്റി വെക്കുന്നത്.
കേരളത്തിലെ ഗവ. മെഡിക്കൽ കോളേജുകളിൽ അയോർട്ടിക് വാൽവിൻ്റേത് ഒഴികെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഓപ്പൺ ഹാർട്ട് സർജറികൾക്കുള്ള ഭീമമായ ചെലവും തുടർന്ന് മുറിവുകൾ ഉണങ്ങി നെഞ്ച് പൂർവ്വസ്ഥിതി കൈവരിക്കാനുള്ള കാലതാമസവും കണക്കിലെടുക്കുമ്പോൾ ഇത് രോഗികൾക്ക് വലിയ അനുഗ്രഹമാണ്. കൂടാതെ നെഞ്ചും ഹൃദയവും തുറന്നുകൊണ്ടുള്ള മേജർ ശസ്ത്രക്രിയക്ക് ശേഷമുണ്ടാകാനിടയുള്ള അണുബാധയിൽ നിന്നും അപ്രതീക്ഷിതമായ മറ്റു സങ്കീർണ്ണതകളിൽ നിന്നും ഇത്തരം ചികിത്സ രോഗിക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. ഹൃദയത്തിൻ്റെ വലതുവശത്തുള്ള ത്രിദളവാൽവിൽ നിന്നും ഗുരുതരമായ ലീക്ക് കാരണം അവശതയിലായ അറുപതുകാരനായ തലശ്ശേരി സ്വദേശിക്കാണ് ഓപ്പൺ ഹാർട്ട് സർജറിക്ക് പകരം നവീനമായ ഈ രീതിയിലുള്ള വാൽവ് മാറ്റിവെക്കൽ നടത്തിയത്.
കാർഡിയോളജി വിഭാഗം മേധാവി ഡോ എസ്.എം. അഷറഫിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 29 ന് നടത്തിയ പ്രസ്തുത ശസ്ത്രക്രിയയിൽ കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ: ബിജുവും കാർഡിയോളജി വിഭാഗത്തിലെ ഡി.എം. ട്രെയിനികളും സഹായിച്ചു. സി.സി.യു. വിൽ നിന്നും കാർഡിയോളജി വാർഡിലേക്ക് മാറ്റിയ പ്രസ്തുത രോഗി വിഷമതകളെല്ലാം മാറി സുഖം പ്രാപിച്ചതിൻ്റെ ആശ്വാസത്തിലാണ്. അടുത്ത ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ. അഷറഫ് അറിയിച്ചു. ചരിത്രനേട്ടം കൈവരിക്കാൻ സാധിച്ച കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിനെ ആശുപത്രി അധികൃതർ അനുമോദിച്ചു.
Kannur Govt about a new chapter in heart disease treatment