---
title: "മൊബൈൽ താരിഫ് വർധന നാളെ മുതല്‍"
english_title: "Mobile tariff increase from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216752/mobile-tariff-increase-from-tomorrow"
published_at: "2024-07-02T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683ba0baa087_Untitled-2-web.jpg"
keywords: []
---

# മൊബൈൽ താരിഫ് വർധന നാളെ മുതല്‍

> **Lead Summary:** **തിരുവനന്തപുരം: **മൊബൈല്‍ താരിഫ് നിരക്കുകള്‍ കുത്തനെ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികള്‍. ജിയോയും എയർടെല്ലും നിരക്ക് വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. Vi ഉടൻ തന്നെ നിരക്ക് വർധന പ്രഖ്യാപിച്ചേക്കും. നാളെ (ജൂലൈ 3) മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് ജിയോയും എയർടെല്ലും പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മൊബൈല്‍ താരിഫ് നിരക്കുകള്‍ കുത്തനെ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികള്‍. ജിയോയും എയർടെല്ലും നിരക്ക് വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. Vi ഉടൻ തന്നെ നിരക്ക് വർധന പ്രഖ്യാപിച്ചേക്കും. നാളെ (ജൂലൈ 3) മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് ജിയോയും എയർടെല്ലും പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ 12 മുതൽ 15 ശതമാനം വരെയും എയർടെല്‍ 11 മുതൽ 25 ശതമാനം വരെയുമാണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ജിയോയുടെ പോപ്പുലർ പ്രതിമാസ പ്ലാനായ ദിവസം 1.5 ജിബി ഡേറ്റ ലഭ്യമാകുന്ന 239 രൂപയുടെ പ്ലാൻ 299 രൂപയായി വർധിക്കും. അതായത് 25 ശതമാനം വർധന. ഇത്തരത്തില്‍ പ്രതിവാർഷിക ഡേറ്റ പാക്കുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 600 രൂപയുടെ വരെ വർധനയാണ് ഇരു കമ്പനികളും വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ജൂലൈ 3ന് മുൻപേ റീചാർജ് ചെയ്യുന്നതിലൂടെ ഈ അധിക ചാർജില്‍ നിന്ന് വേണമെങ്കില്‍ രക്ഷപ്പെടാം.

ജൂലൈ 3ന് മുൻപ് റീചാർജ് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് പ്ലാനില്‍ കമ്പനി മാറ്റം വരുത്തിയാലും, പ്ലാൻ തന്നെ ഇല്ലാതാക്കിയാലും ഉപഭോക്താവിനെ ബാധിക്കില്ല. ദീർഘകാല പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവർക്കാണ് ഇതു ഗുണപ്രദമാകുക. ജിയോ, എയർടെല്‍ ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി റീചാർജ് ചെയ്യാനുള്ള അവസരം കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ, പ്രതിവാർഷിക പ്ലാനുകള്‍ 50 തവണ വരെ മുൻകൂട്ടി റീചാർജ് ചെയ്യാമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

പ്ല

എന്നാല്‍ എത്ര തവണ റീ ചാർജ് ക്യൂ അപ് ആകുമെന്ന് എയർടെല്‍ വ്യക്തത വരുത്തിയിട്ടില്ല. അതേ സമയം ഈ സൗകര്യം വിഐ ഉപഭോക്താക്കള്‍ക്ക് ലഭ്യവുമല്ല. അണ്‍ലിമിറ്റഡ് 5G ഡേറ്റ ഓഫറുകളില്‍ എയർടെല്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ 2 GB പ്ലാൻ മുതല്‍ മുകളിലോട്ടുള്ള പ്ലാനുകള്‍ക്കായി റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഇനി ജിയോ അണ്‍ലിമിറ്റഡ് 5G ഡേറ്റ നല്‍കുകയുള്ളൂ. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍‌ക്ക് നിലവിലുള്ള കുറഞ്ഞ പ്ലാനുകള്‍ തെരഞ്ഞെടുക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നും ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216752/mobile-tariff-increase-from-tomorrow)