കണ്ണൂർ: സിപിഎമ്മിന് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പാർട്ടിയുടെ ഒരു നേതാവും ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നില്ല. മാധ്യമ മേഖലയിൽ പ്രചാരണം നടത്താൻ ഒരു സംഘത്തെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. സിപിഎമ്മിൽ നിന്ന് രാജിവച്ച ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസിനെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു.

മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ല. അദ്ദേഹം അംഗത്വം പുതുക്കിയില്ല. ഭരണഘടന അനുസരിച്ച് അംഗത്വം പുതുക്കാത്ത ഒരാൾ പാർട്ടി അംഗമാവില്ല. ഒഴിവാക്കിയതല്ല ഒഴിവായതാണെന്നതാണ് സത്യം. മനു തോമസിന്റെ പരാതിയിൽ വസ്തുത ഇല്ല. ഇത് പാർട്ടി പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. 2023 ഏപ്രിൽ 13 ന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. പാർട്ടി അംഗത്വം പുതുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മനു തയാറായില്ലെന്നും ജയരാജൻ പറഞ്ഞു. സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് മനു തോമസ് ഉന്നയിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കാണിച്ച് പരാതി നൽകിയിട്ട് ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിന്റെ ആരോപണം.
യുവജന കമ്മീഷൻ അധ്യക്ഷനും ഡിവൈഎഫ്ഐ നേതാവുമായ എം. ഷാജറിനെതിരെ മനു തോമസ് പാർട്ടിയിൽ പരാതി ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയ പരാതിയും ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും പ്രഹസനമാണെന്നും മനു തോമസ് പറഞ്ഞു.
mv jayarajan