പരിയാരം: ചിതപ്പിലെപൊയില്‍ മോഷണക്കേസിലെ ഒരു പ്രതി തമിഴ്നാട്ടില്‍ അറസ്റ്റിലായി.
സഞ്ജീവ്കുമാര്‍(27) നെയാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സൊളൂരില്‍ വെച്ചാണ് പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനും കൊലക്കേസ് പ്രതിയുമായ സൊള്ളന്‍ സതീഷാണ് മോഷണത്തിന് ഏകോപനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട നാലംഗസംഘത്തിന് പരസ്പരം അറിയില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. വൈഫൈ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടതെന്നാണ് വിവരം. മറ്റ് പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത പരിശോധന നടന്നുവരികയാണ്. പാലക്കാട് വഴി കവര്‍ച്ചക്കെത്തിയ സംഘം മടിക്കേരി വഴിയാണ് തിരികെ പോയത്. പ്രതിയെ ഇന്ന് രാവിലെ പരിയാരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
പരിയാരം ചിതപ്പിലെ പൊയിലില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ വാഹനംഓടിച്ചത് സഞ്ജീവ്കുമാറാണെന്ന് പോലീസ് പറഞ്ഞു.
സപ്തംബര്‍ 29 ന് പളുങ്ക് ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീടിന്റെ ജനല്‍ ഗ്രില്‍സുകള്‍ തകര്‍ത്ത് അകത്തുകയറിയ പ്രതികള്‍ 25 പവനും 18,000 രൂപയുമാണ് കവര്‍ന്നത്. ഒക്ടോബര്‍ 19-നാണ് ഡോ. ഷക്കീര്‍ അലിയുടെ വീട്ടില്‍ ഭാര്യയുടെ മാതൃസഹോദരിയെ കെട്ടിയിട്ട് 10 പവനും 10,000 രൂപയും കവര്‍ച്ച ചെയ്തത്.
പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് ഒരു മാസം തികയുന്നതിന് മുമ്പായിതന്നെ കേസിന് തുമ്പുണ്ടാക്കിയത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ സയ്യിദ്, സീനിയര്‍ സി.പി.ഒ നൗഫല്‍ അഞ്ചില്ലത്ത്, സി.പി.ഒമാരായ ഷിജുഅഗസ്റ്റിന്‍, ഷോജി, രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു
The head of an inter-state theft gang