Apr 8, 2023 09:24 PM

കണ്ണൂർ: ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലെെഫ് മിഷൻ മുഖേന നിർമിച്ച നാല് ഭവന സമുച്ചയങ്ങൾ മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു. ശനിയാഴ്ച കണ്ണൂരിലായിരുന്നു ഉദ്ഘാടനം. കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ ഭവന സമുച്ചയങ്ങളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.

തദ്ദേശസ്വയംഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.ബി രാജേഷ്‌ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കടമ്പൂർ ഫ്‌ളാറ്റിലെ 44 ഗുണഭോക്താക്കൾക്കുള്ള താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിച്ചു. ഇതേസമയം തന്നെ കൊല്ലം പുനലൂരിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരും കോട്ടയം വിജയപുരത്ത്‌ വി.എസ്‌ വാസവനും ഇടുക്കി കരിമണ്ണൂരിൽ റോഷി അഗസ്റ്റിനും ഗുണഭോക്താക്കൾക്ക്‌ താക്കോൽ കൈമാറി.

ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇതിനകം 3.4 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്. 64,585 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ബജറ്റിൽ 1436.26 കോടി രൂപയാണ് ലൈഫിനായി നീക്കിവെച്ചത്‌. ലൈഫ് മിഷൻ വീടുകൾ നിർമിക്കാൻ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപ്പിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


life mission

Next TV

Top Stories