തലശേരി ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. നെട്ടൂർ സ്വദേശി പാറായി ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുൻപ് കൊലപാതകത്തിൽ പങ്കുള്ള തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ഷമീറിന്റെ മകനെ കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘത്തിലെ ജാക്‌സണ്‍ എന്നയാള്‍ മര്‍ദിച്ചിരുന്നു. പാറായി ബാബു, ജാക്‌സണ്‍ എന്നിവരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നന്ന് ചികിത്സയില്‍ കഴിയുന്ന ഷെനീബ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
paarayi babu arrested