തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു
ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്‍റെയും അക്കാമ്മയുടെയും 1923 ഒക്ടോബര്‍ 20നാണ് ജനനം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ് വി.എസിന്‍റെ മുഴുവൻ പേര്. നാല് വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. 11-ാം വയസിൽ പിതാവിനെയും. ഇതോടെ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഗ്രാമത്തിലെ ഒരു തയ്യൽക്കടയിൽ തന്‍റെ മൂത്ത സഹോദരനെ സഹായിച്ചുകൊണ്ട് അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ഒരു കയർ ഫാക്ടറിയിൽ കയറുകൾ നിർമ്മിക്കുന്നതിനായി കയർ മെഷ് ചെയ്യുന്ന ജോലി അദ്ദേഹം ഏറ്റെടുത്തു. 1967-ൽ ഇ.എം.എസ് സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 1970-ൽ ആലപ്പുഴയിൽ നടന്ന പ്രഖ്യാപനത്തോടെ കേരളത്തിലെ ഭൂസമരങ്ങളിൽ അച്യുതാനന്ദൻ മുൻപന്തിയിലായിരുന്നു


പ്രഗത്ഭനായ വാഗ്മിയോ കരുത്തുറ്റ ഭരണാധികാരിയോ ആയിരുന്നില്ല വിഎസ്. ഇഎംഎസിന്‍റെ താത്വിക പിന്‍ബലമോ സി. അച്യുതമേനോന്‍റെ ഭരണപാടവമോ കെ. കരുണാകരന്‍റെ അധികാരപ്രയോഗങ്ങളിലെ ചടുലതയോ ഇല്ലെങ്കിലും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാന്‍ ഒരു നേതാവിന് കഴിഞ്ഞുവെങ്കില്‍ വിഎസ് എന്ന രണ്ടക്ഷരങ്ങളില്‍ ആ ജനനായകനെ നമുക്ക് അടയാളപ്പെടുത്താം.
ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി 1940-ല്‍ ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത്. കുട്ടിയായിരിക്കുമ്പോൾ കടുത്ത ദൈവവിശ്വാസിയായിരുന്ന വി.എസ് അച്ഛന്റെയും മരണത്തോടെ തന്നെ അനാഥനാക്കിയ ദൈവത്തോട് മുഖം തിരിച്ചു. അവസാനം വരെ. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ സുവ്യക്തവും സുദൃഢവുമായിരുന്നു എന്നതിന്‍റെ ആദ്യ സൂചനകളായിരുന്നു ആ തീരുമാനം. നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തലുകാരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും കൂസാതെ ഉറച്ചുനിന്ന ആ നട്ടെല്ലുറപ്പ് കൂടുതല്‍ കരുത്തോടെ കേരളം പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു. ഏഴാം ക്ലാസ് വിദ്യാഭ്യാസം ലഭിച്ച വി.എസിന്റെ സര്‍വകലാശാല ജനങ്ങളും അവര്‍ക്കിടയിലെ പ്രവര്‍ത്തനവുമായിരുന്നു.അതിനാല്‍ തന്നെ വി.എസ് സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണെന്നും സംശയമില്ലാതെ പറയാം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രം വിഎസിന്റെ ചരിത്രം കൂടിയാണ്. പുന്നപ്ര വയലാറടക്കം രാഷ്ട്രീയ കേരളത്തിന്റെ ഭാഗധേയം മാറ്റിയ സമരങ്ങളുടെ മുന്നണിപ്പോരാളി. രാജവാഴ്ചയ്ക്ക് എതിരെ വന്‍സമരം സംഘടിപ്പിച്ചാണ് വി.എസ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. പുന്നപ്ര വയലാര്‍ സമര കാലയളവില്‍ കളര്‍കോട് ക്യാമ്പിന്റെ ചുമതലക്കാരന്‍ വി.എസ് എന്ന ചുരുക്കെഴുത്തിന് വേലിക്കകത്ത് ശങ്കരനെന്ന പോലെ വിവാദങ്ങളുടെ സഖാവ് എന്ന മറുപേരുമുണ്ട്. പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും താഴ്ത്തപ്പെടുമ്പോഴും സമരങ്ങളുടെ വീറും വാശിയും കൈവെടിയാതെ നിലകൊണ്ടത് ഒരു കമ്യൂണിസ്റ്റ് ചര്യ ആയിരുന്നു..
നിശ്ചയദാര്‍ഢ്യമാണ് വി.എസിന്‍റെ പ്രത്യേകത. പുന്നപ്ര വയലാറില്‍ പൊലീസില്‍ നിന്ന് പിടിച്ച് വാങ്ങി തിരിച്ച് ആക്രമിച്ച തോക്കുകള്‍ പൂക്കൈത ആറ്റിലിടാന്‍ നിര്‍ദ്ദേശിച്ച അതേ നിശ്ചയദര്‍ഢ്യം. അമ്പത്തേഴിലെ ആദ്യ ഇഎംഎസ് സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ഒമ്പതംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സഖാവ് വി.എസ് ആയിരുന്നു. അനാരോഗ്യത്തിന്‍റെ അവശതയിലും ഇടതുസര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കേണ്ട ചുമതലയും സഖാവ് വി.എസിനായിരുന്നു. വി.എസ് മതികെട്ടാന്‍ മലയിലെങ്കില്‍ ജനമനസും അങ്ങോട്ടെത്തും. മൂന്നാറിലെങ്കില്‍ അവിടെ. ശബരിമലയിലെങ്കില്‍ അവിടെ.
നായനാര്‍ക്കുശേഷമുള്ള കഴിഞ്ഞ 20 വര്‍ഷത്തോളം കേരളത്തില്‍ ഇടതിന്‍റെ താര പ്രചാരകന്‍ ആരെന്നതിന്‍റെ ഒറ്റയുത്തരമായിരുന്നു വിഎസ്. ഇടതിന്‍റെ ക്രൗഡ് പുള്ളര്‍. വി.എസിന്റെ വാക്കുകള്‍ ജനം സംഗീതംപോലെ ആസ്വദിച്ച ഒരു കാലമാണ് കഴിഞ്ഞു പോയത്. അച്ചടക്ക നടപടിയില്‍ പാര്‍ട്ടി വിട്ടു പോകുന്നവര്‍ ധാരാളമുള്ളിടത്താണ് വി.എസ് എന്ന കമ്യൂണിസ്റ്റ് ഒറ്റയാനായത്. താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നായിരുന്നു അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി.എസിന്‍റെ മറുപടി
'കമ്യൂണിസ്റ്റായി ജീവിച്ചു, ഇനി മരിക്കുന്നതും കമ്യൂണിസ്റ്റുകാരനായി തന്നെയായിരിക്കും' ഇതാണ് വി.എസിന്‍റെ ഉറച്ച നിലപാട്. വി.എസിന്‍റെ ശരീരത്തിനെയോ മനസ്സിനെയോ കരിയിച്ചുകളയാന്‍ പോരുന്ന ഒരു അഗ്നികുണ്ഠവും ആ വിപ്ലവ ജീവിതത്തില്‍ ബാക്കിയായിരുന്നില്ല. വീരേതിഹാസം രചിച്ച വിപ്ലവകാലത്തെ 23-കാരന്‍ ഏഴു പതിറ്റാണ്ടിനിപ്പുറവും ആബാലവൃദ്ധം മലയാളികളുടേയും വിപ്ലവ ബോധത്തിന്‍റെയും രാഷ്ട്രീയ പ്രതിബദ്ധതയുടേയും ജീവനുള്ള, കാവല്‍വിളക്കായി നിലകൊള്ളുന്നുവെങ്കില്‍ നാമത് സമ്മതിക്കേണ്ടി വരും. വിപ്ലവകാരിക്ക് മരണമില്ല.....
achuthanandan-passes-away