പറശ്ശിനിക്കടവ്.ആന്തൂർ നഗരസഭയിൽ ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ കോൾതുരുത്തിയിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.


ഇതോടെ നഗരസഭാ പരിധിയിൽ മൂന്ന് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററുകളായി. പാളിയത്തുവളപ്പിലും തളിയിലും മുമ്പുതന്നെ സെൻ്ററുകൾ തുറന്നിരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന
തുരുത്തിയിൽ ഒരു ആരോഗ്യ കേന്ദ്രം വേണമെന്ന തദ്ദേശവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാൽക്കാരമായത്.
വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതം പറഞ്ഞു. എൻ എച്ച് എം കണ്ണൂർ ഡി.പി.എം ഡോ. പി.കെ.അനിൽകുമാർ വിശിഷ്ടാതിഥിയായി.
സ്ഥിരംസമിതി അധ്യക്ഷമാരായ പി.കെ. മുഹമ്മദ് കുഞ്ഞി, കെ.വി.പ്രേമരാജൻ, എം. ആമിനടീച്ചർ, കെ.പി.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ ശ്രീഷ എം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി നാരായണൻ, എം.വി. വേണുഗോപാലൻ ക്ലീൻ സിറ്റി മാനേജർ അജിത് തളിയിൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പറശ്ശിനിക്കടവ് ഹൈസ്കൂളിൽ ദീർഘകാലം പ്രഥമാദ്ധ്യാപകനായിരുന്ന യശശ്ശരീനായ ശ്രി. വി.കുഞ്ഞിരാമൻ മാസ്റ്ററുടെ വീടാണ് ഹെൽത്ത് സെൻ്ററിനായി ഉപയോഗിക്കുന്നത്.
നഗരസഭയിൽ ആരോഗ്യരംഗത്ത് വൻകുതിച്ചു ചാട്ടമാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. പറശ്ശിനിക്കടവ് ഫാമിലി ഹെൽത്ത് സെൻ്റർ, ബക്കളം അർബ്ബൻ ഹെൽത്ത് സെൻ്റർ, മൊറാഴ ഫിഷറീസ് ഹെൽത്ത് സെൻ്റർ കൂടാതെ മാങ്ങാട്ടുപറമ്പിലെ അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയും ഇപ്പോൾ നഗരസഭയിൽ പ്രവർത്തിക്കുന്നു.
മൊറാഴ സെൻട്രലിൽ ഒരു ആയുർവേദ ആശുപത്രിയും ധർമ്മശാലയിൽ ഒരു ഹോമിയോപ്പതി ആശുപത്രിയും കൂടി നഗരസഭയിലുണ്ട്.കടമ്പേരി, കോടല്ലൂർ, മൊറാഴ കുഞ്ഞരയാൽ എന്നിവിടങ്ങളിൽ സബ്ബ് സെൻ്ററുകളും പ്രവർത്തിക്കുന്നു.
Health and wellness centre, kolthuruthy