തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായതായി മകൻ വി എ അരുൺകുമാർ. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ലെന്നും നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിൽ എത്താനാകുമെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അച്ഛന്റെ ആരോഗ്യാവസ്ഥയിൽ ഇന്നലത്തേതിൽനിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചു. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു - വി എ അരുൺകുമാർ വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് വിഎസ്. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകൾ ആശുപത്രിയിൽ എത്തി വിഎസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Vs