ധർമ്മശാല: ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുവാൻ ഇന്ന് ചെയർമാന്റെ ചേമ്പറിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ നഗരസഭയിൽ സർവ്വീസ് നടത്തുന്ന മുഴുവൻ ഓട്ടോകളുടെയും വിവരങ്ങൾ ജൂൺ 15 ന് മുമ്പായി നഗരസഭയിൽ സമർപ്പിക്കണം. തുടർന്ന് രജിസ്റ്റർചെയ്ത് മുൻസിപ്പൽ നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവ അനുവദിച്ചു നൽകും.

ധർമ്മശാല- മാങ്കടവ് റോഡിൽ അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ മന്ത്ര വെൽനസ്സ് സെൻററിനടുത്തുള്ള ഗ്രൗണ്ടിൽ മാറ്റി പാർക്കുചെയ്യണം. മെയ് 29 ന് മുമ്പായി ഈ തീരുമാനം നടപ്പിലാക്കുവാനും ഈ തീരുമാനം പോലീസ്, എഞ്ചിനീയറിംഗ് കോളേജ്, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൾ എന്നിവരെ അറിയിക്കുവാനും തീരുമാനിച്ചു.
ധർമ്മശാല-തളിപ്പറമ്പ് റോഡിലെ കെ.എ.പി ഗെയിറ്റിന് മുമ്പിലുള്ള ബസ് സ്റ്റോപ്പ് നഗരസഭ ടെയ്ക്ക് എ ബ്രെയിക്കിന്ന് മുമ്പിലേക്ക് മാറ്റുവാൻ തീരുമാനിച്ചു.
ധർമ്മശാല- പറശ്ശിനിക്കടവ് റോഡിൽ നടപ്പാത കയ്യേറി അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നത് കർശ്ശനമായി തടയുവാനും ലംഘിക്കുന്നവർക്ക് എതിരെ കർശ്ശന നടപടിയെടുക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, തളിപ്പറമ്പ് ട്രാഫിക്ക് സബ്ബ് ഇൻസ്പെക്ടർ സി. വത്സരാജൻ, നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്,
ഓട്ടോ തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
Number for auto