തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.'ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം'- വി ശിവന്‍കുട്ടി പറഞ്ഞു. എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം കുറവാണ് ഇത്തവണ. ഉന്നത പഠനത്തിന് 4,24,583 പേര്‍ അര്‍ഹതനേടി. 61,449 പേര്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 71,831 പേരായിരുന്നു ഫുള്‍ എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,382 ഫുള്‍ എ പ്ലസുകള്‍ ഇത്തവണ കുറവാണ്. Advertisement വിജയശതമാനം ഉയര്‍ന്ന റവന്യൂ ജില്ല- കണ്ണൂര്‍ (99.87 %). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല - തിരുവനന്തപുരം (98.59%). വിജയ ശതമാനം ഉയര്‍ന്ന വിദ്യാഭ്യാസ ജില്ലകള്‍ - പാല, മാവേലിക്കര (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല - ആറ്റിങ്ങല്‍(98.28%). ഫുള്‍ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4,115പേരാണ് ജില്ലയില്‍ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 4,934 ആയിരുന്നു. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ പികെഎംഎംഎച്ച്എസ്എസ് എടരിക്കോടാണ്. 2,017കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
SSLC SE exam from May 28