തളിപ്പറമ്പ് : എൽ ഐ സി കെട്ടിടം തകർന്ന് ഗുരുതര പരുക്കേറ്റവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്.

തകർന്ന കെട്ടിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെയാണ് അഗ്നിശമന സേനയും പൊലിസും റവന്യൂ വകുപ്പും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിച്ചത്.ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ജില്ലയിലെ അഞ്ചിടങ്ങളില്‍ നടന്ന മോക്ഡ്രില്ലിൻ്റെ ഭാഗമായാണ് രക്ഷാപ്രവർത്തനം നടന്നത്.
തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൻ്റെ മോക്ഡ്രിലാണ് തളിപ്പറമ്പിൽ ഒരുക്കിയത്.ബുധനാഴ്ച്ച വൈകുന്നേരം 4.1നാണ് പൂക്കോത്ത് നടയിലെ എൽ ഐ സി കെട്ടിടം തകർന്ന് നിരവധി പേർക്ക് പരുക്കേൽക്കുകയും അഞ്ച് പേരെ കാണാതായതായും അറിയിച്ച് കൊണ്ട് തളിപ്പറമ്പ് അഗ്നിശമന നിലയത്തിലേക്ക് ഫോൺ വിളിയെത്തിയത്.മിനിറ്റുകൾക്കകം അഗ്നിശമന സേന സ്ഥലത്തെത്തി.
അപ്പോഴെക്കും തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപ്പൊയിൽ, പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരി, പ്രിൻസിപ്പൽ എസ് ഐ : ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പൊലിസും റിട്ട. ഫയർ ഓഫിസർ ബാലകൃഷ്ണൻ വെച്ചിയോട്ടിൻ്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസും തളിപ്പറമ്പ് തഹസിൽദാർമാരായ പി സജീവൻ, കെ ചന്ദ്രശേഖരൻ, ഡെപ്യൂട്ടി തഹസിൽദാർ വി വി രമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെയെല്ലാം സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ചു പേരെ കുറിച്ച് വിവരം ഇല്ലായിരുന്നു.
തളിപ്പറമ്പ് നിലയത്തിലെ അസി: സ്റ്റേഷൻ ഓഫിസർ പി കെ ജയരാജൻ്റെ നേതൃത്തിലുള്ള അഗ്നിശമന സേനാംഗങ്ങളും റിട്ട: ഫയർ ഓഫിസർ ബാലകൃഷ്ണൻ വെച്ചിയോട്ടിൻ്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സംഘവും തകർന്ന കെട്ടിടത്തിലേക്ക് കയറി ഗുരുതര പരുക്കേറ്റ് കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചു.തുടർന്ന് പൊലിസിൻ്റെയും താലൂക്ക് ആശുപത്രിയുടെയും സ്വകാര്യ ആംബുലൻസുകളിൽ ഇവരെ ആശുപത്രികളിലേക്ക് മാറ്റി.
തഹസിൽദാർ പി സജീവനാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് നിരവധി നാട്ടുകാരും യാത്രക്കാരും കൂടിയിരുന്നു. ജില്ല മുഴുവനും എയര്‍റെയ്ഡ്, തകര്‍ന്ന കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ പരിശോധന, പരിക്ക് പറ്റിയവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ മോക്ക്ഡ്രില്ലുകളാണ് ആസൂത്രണം ചെയ്തത്.
Civil Defense Mock Drill