റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന നിർദേശം നൽകി.

ഇതുവരെയുള്ള രീതി അനുസരിച്ച് സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും. തിരിച്ചറിയൽ രേഖ കാണിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കണമെന്നും റെയിൽവേയുടെ ഉത്തരവിൽ പറയുന്നു.
ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കണം. സ്റ്റേഷനിൽനിന്നെടുത്ത റിസർവ് ടിക്കറ്റിനൊപ്പവും തിരിച്ചറിയൽ രേഖ കാണിക്കണം.
തിരിച്ചറിയൽ കാർഡ് യാത്രാസമയം കാണിക്കാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. സാഹചര്യത്തിനനുസരിച്ചാണ് തീരുമാനമെടുക്കുക. പിഴയീടാക്കി സീറ്റ് അനുവദിക്കുകയോ അല്ലെങ്കിൽ പിഴയീടാക്കിയതിനു ശേഷം ജനറൽ കോച്ചിലേക്ക് മാറ്റുകയോ ചെയ്യും.
ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഏറിയ സാഹചര്യത്തിൽ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് കർശനമാക്കണമെന്ന് മുമ്പ് തന്നെ നിർദേശമുണ്ടായിരുന്നു.
Identity card mandatory for train travel