കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. നടി വിന്‍ സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ടോം ജനല്‍ വഴി പുറത്തെത്തിയാണ് ഇറങ്ങിയോടിയത്.
നേരത്തെ സിനിമാ സെറ്റിലെ ദുരനുഭവുമായി ബന്ധപ്പെട്ട് നടി വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് വിന്‍ സിയുടെ പരാതി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവമെന്നും വിന്‍ സിയുടെ പരാതിയിലുണ്ട്.
Shine Tom chacko